
ന്യൂഡല്‍ഹി: റോഡിലെ തര്‍ക്കത്തില്‍ ഡല്‍ഹിയില്‍ ഒരാള്‍ക്ക് കൂടി ജീവന് നഷ്ടമായി. കാറിന് സൈഡ് നല്‍കിയില്ലെന്ന് ആരോപിച്ച് രണ്ട് കൗമാരക്കാര്‍ ഡെലിവറി ജീവനക്കാരനെ അടിച്ചുകൊന്നു. ശനിയാഴ്ച രാത്രിയാണ് ഡല്‍ഹി രഞ്ജീത് നഗറില്‍ കൊലപാതകം നടന്നത്. 39കാരനായ പങ്കജ് താക്കൂര്‍ ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ മനീഷ് കുമാര്‍ (19), ലാല്‍ചന്ദ് (20) എന്നിവരെ പോലീസ് അറസ്റ്റു ചെയ്തു.
ശനിയാഴ്ച രാത്രി വൈകി പങ്കജിനെ രഞ്ജിത് നഗറിലെ മെയിന്‍ മാര്‍ക്കറ്റില്‍ അബോധാവസ്ഥയില്‍ കണ്ടെത്തുകയായിരുന്നു. അദ്ദേഹത്തിന്റെ സ്കൂട്ടര്‍ കുറച്ചുമാറി കിടന്നിരുന്നു. നാട്ടുകാര്‍ ഇദ്ദേഹത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. ശരീരത്തില്‍ മാരകമായ മുറിവുകള്‍ സംഭവിച്ചിരുന്നുവെന്ന് ഡോക്ടര്‍ വ്യക്തമാക്കി.
ഇദ്ദേഹത്തിന്റെ കൈവശമുണ്ടായിരുന്ന രേഖകളില്‍ നിന്നാണ് പോലീസ് ആളെ തിരിച്ചറിഞ്ഞത്. ഒരു പലചരക്ക് കടയില്‍ ഡെലിവറി ഏജന്റായി ജോലി ചെയ്യുയ്യുന്ന പങ്കജിന് ഭാര്യയും രണ്ട് കുട്ടികളുമുണ്ട്.
സ്ഥലത്തെ സിസിടിവി കാമറകള്‍ പരിശോധിച്ചപ്പോഴാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്. കാറില്‍ നിന്നിറങ്ങിയ രണ്ടു പേര് പങ്കജിനെ അടിക്കുന്നതും അദ്ദേഹം നിലത്തുവീഴുന്നതും കാമറിയില്‍ പതിഞ്ഞിരുന്നു. കാറിന്റെ നമ്പര്‍ പിന്തുടര്ന്ന് പോലീസ് പ്രതികളെ തിരിച്ചറിയുകയായിരുന്നു. ഇവരെ തിരക്കി പോലീസ് വീട്ടിലെത്തിയെങ്കിലും പ്രതികള്‍ കടന്നുകളഞ്ഞു. തിരച്ചില്‍ ഊര്‍ജിതമാക്കിയ പോലീസ് ഇന്നലെ ഉച്ചയോടെ രണ്ടുപേരെയും പിടികൂടി.






