
ന്യൂഡല്‍ഹി: തീര്‍ന്നെന്ന് പറഞ്ഞവരെക്കൊണ്ട് തിരുത്തിപ്പറയിക്കുകയാണ് ടീം ഇന്ത്യയുടെ വെറ്ററന്‍താരം അജിങ്ക്യാരഹാനേ. ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലിനുള്ള ടീമില്‍ താരം ഇടം പിടിച്ചു. ലണ്ടനില്‍ ജൂണ്‍ 7 മുതല്‍ 11 വരെ നടക്കുന്ന ഓസ്ട്രേലിയയ്ക്ക് എതിരേയുളള മത്സരത്തിനുള്ള ടീമിനെയാണ് ബിസിസിഐ പ്രഖ്യാപിച്ചത്. അതിലെ സര്‍പ്രൈസ് അജിങ്ക്യാരഹാനേ ആയിരുന്നു.
ശ്രേയസ് അയ്യരുടെ പരിക്കും ആഭ്യന്തര ക്രിക്കറ്റില്‍ കാട്ടിയ മികവുമാണ് രഹാനേയ്ക്ക് തിരിച്ചുവരവിന് അവസരമായി മാറിയത്. ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിലെ പരാജയത്തെ തുടര്‍ന്ന് ടീമിലെ സ്ഥാനം നഷ്ടമായ രഹാനേയ്ക്ക് ഇനിയൊരു തിരിച്ചുവരവ് ഇല്ലെന്ന് വിമര്ശിച്ചിരുന്നവര്ക്കുള്ള മറുപടിയാണ് താരത്തിന്റെ 15 മാസത്തിന് ശേഷമുള്ള മടങ്ങിവരവ്.
കഴിഞ്ഞ ജനുവരിയില്‍ ആയിരുന്നു രഹാനേ അവസാനമായി ടെസ്റ്റ് ടീമില്‍ കളിച്ചത്. കരിയറില്‍ 82 ടെസ്റ്റ് മത്സരം കളിച്ചിട്ടുളള താരമാണ് രഹാനേ. ടീമിനെ രോഹിത്ശര്‍മ്മയാണ് നയിക്കുന്നത്. സ്പിന്നര്‍മാരായി ആര് അശ്വിനെയും രവീന്ദ്ര ജഡേജയെയും അക്സര്‍ പട്ടേലിനെയും ടീമിലെടുത്തു. ശാര്‍ദ്ദൂല്‍ ഠാക്കൂര്‍, മൊഹമ്മദ് ഷമി, മൊഹമ്മദ് സിറാജ്, ഉമേഷ് യാദവ്, ജയദേവ് ഉനദ്ക്കട്ട് എന്നിവരാണ് ടീമിലെ പേസര്‍മാര്‍. വിക്കറ്റ് കീപ്പറായി കെ.എസ്. ഭരതിനെ ടീമിലെടുത്തു. അപകടത്തെ തുടര്‍ന്ന് പരിക്കേറ്റ ഋഷഭ് പന്തിനെ കിട്ടാത്ത സാഹചര്യത്തിലാണ് ഭരതിനെ ഉള്‍പ്പെടുത്തിയത്. അതേസമയം ഇഷാന്കിഷനെയും സൂര്യകുമാര്‍ യാദവിനെയും ടീമില്‍ നിന്നും തഴഞ്ഞു.
രോഹിത്ശര്‍മ്മ (നായകന്) ശുഭ്മാന്‍ഗില്‍, ചേതേശ്വര്‍ പൂജാര, വിരാട് കോഹ്ലി, അജിങ്ക്യാരഹാനേ, കെ.എല്‍. രാഹുല്‍, കെ.എസ്. ഭഗത് (വിക്കറ്റ് കീപ്പര്‍), ആര്.അശ്വിന്, രവീന്ദ്രജഡേജ, അക്സര്‍പട്ടേല്‍, ശാര്‍ദ്ദൂല്‍ ഠാക്കൂര്‍, മൊഹമ്മദ് ഷമി, മൊഹമ്മദ് സിറാജ്, ഉമേഷ് യാദവ്, ജയദേവ് ഉനദ്ക്കട്ട് എന്നിവരാണ് ടീമിലെ കളിക്കാര്‍.






