
മുംബൈ: ഇന്ത്യയിലെ ഏറ്റവും വലിയ പണക്കാരന് മുകേഷ് അംബാനി തന്റെ വിശ്വസ്തനായ ജീവനക്കാരന് നല്‍കിയത് 1,500 കോടിയുടെ ബഹുനിലകെട്ടിടം. റിലയന്‍സിലെ ദീര്‍ഘകാല സേവനം ചെയ്യുന്നയാളും ഏറ്റവും വിശ്വസ്തനായ ജീവനക്കാരനുമായ മനോജ് മോദിക്കാണ് വിലയേറിയ സമ്മാനം മുകേഷ് അംബാനി നല്‍കിയത്.
റിലയസന്സിന്റെ പല മള്‍ട്ടിബില്യന്‍ ഡോളര്‍ ബിസിനസുകളിലും നിര്‍ണ്ണായക റോള്‍ കൈകാര്യം ചെയ്യുന്നയാളാണ് മനോജ് മോദി. മുംബൈയിലെ നേപ്പിയന്‍ സീ റോഡ് ഏരിയയിലെ വൃന്ദാവനം എന്ന പേരില്‍ അറിയപ്പെടുന്ന കെട്ടിടമാണ് സമ്മാനമായി നല്‍കിയത്. 1.7 ലക്ഷം ചതുരശ്ര വലിപ്പമുള്ള 7 നിലകളുള്ള കെട്ടിടത്തിലെ ഓരോ നിലയും 8,000 ചതുരശ്ര അടി വിസ്തീര്‍ണ്ണമുണ്ട്. ഇതിലെല്ലാം പാര്‍ക്കിംങ് സൗകര്യവുമുണ്ട്. ചതുരശ്ര അടിയ്ക്ക് 45,100 മുതല്‍ 70,600 വരെയാണ് വില. തലാത്തി ആന്റ് പാര്‍ട്ണേഴ്സ് എല്‍എല്‍പി ഡിസൈന്‍ ചെയ്ത കെട്ടിടത്തിലെ ഫര്‍ണീച്ചറുകളില്‍ ചിലത് ഇറ്റലിയില്‍ നിന്നും കൊണ്ടുവന്നതാണ്.
നിലവില്‍ റിലയന്‍സ് റീടെയ്ലിന്റെയും റിലയന്‍സ് ജിയോയുടേയും ഡയറക്ടറാണ് മനോജ് മോദി. റിലയന്‍സിന്റെ ഹസീരാ പെട്രോകെമിക്കല്‍ കോംപ്ലക്സ്, ജാം നഗര്‍ റിഫൈനറി എന്നിവയും മനോജ് മോദിയുടെ പേരിലുണ്ട്. മുകേഷ് അംബാനിയുടെ മക്കളായ ആകാശ്, ഇഷ എന്നിവര്‍ക്കും ബിസിനസില്‍ പിന്‍ബലം നല്‍കുന്നതും മനോജ് മോദിയാണ്.






