രാജ്യമെങ്ങും എടിഎമ്മുകള്‍ കൊള്ളയടിക്കുന്ന സംഘത്തെ കണ്ടെത്തിയതായി ഉത്തര്‍പ്രദേശ് പൊലീസ്. തൊഴില്‍ രഹിതരായ യുവാക്കളെ മുന്‍ നിര്‍ത്തിയാണ് സംഘം എടിഎം കൊള്ള നടത്തുന്നത്. ലഖ്നൌവില് നടന്ന എടിഎം കവര്‍ച്ചയില്‍ പിടിയിലായ നാല് യുവാക്കളില്‍ നിന്നാണ് നിര്‍ണായക സൂചനകള്‍ ലഭിച്ചത്. ബീഹാര്‍ കേന്ദ്രീകരിച്ചാണ് കൊള്ള സംഘത്തിന്റെ പ്രവര്‍ത്തനം.
ബിഹാറിലെ ചാപ്ര കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന സുധീര്‍ മിശ്ര അഥവ എടിഎം ബാബ എന്ന് അറിയപ്പെടുന്നയാളാണ് ഈ സംഘത്തിന്റെ തലവന്‍. ഒരു എടിഎം 15 സെക്കന്റിനുള്ളില്‍ എങ്ങനെ കൊള്ളയടിയക്കാമെന്നുള്ള ടെക്നിക്കാണ് ഇയാള്‍ യുവാക്കള്‍ പഠിപ്പിച്ചു കൊടുക്കുന്നത്. തൊഴില്‍ രഹിതരെയാണ് പ്രധാനമായും ഇയാള്‍ ഇതിനു വേണ്ടി ഉപയോഗിയ്ക്കുന്നത്. പരിശീലനം കൊടുത്ത ശേഷം ഇവര്‍ക്ക് 15 ദിവസത്തെ പ്രാക്ടിക്കലും നല്‍കും. 15 മിനിറ്റോ അതില്‍ കുറവോ സമയത്തിനുള്ളില്‍ ടാസ്ക് പൂര്‍ത്തിയാക്കുന്ന യുവാക്കളെ മാത്രമേ ബാബ ഫീല്‍ഡിലേക്ക് അയയ്ക്കൂ എന്നാണ് പൊലീസിന് ലഭിച്ച വിവരം.
ലഖ്നൌവിലെ സുശാന്ത് ഗോള്‍ഫ് സിറ്റി പൊലീസ് സ്റ്റേഷന് പരിധിയിലെ ഒരു എടിഎം നിന്ന് 39.58 ലക്ഷം രൂപ കൊള്ളയടിയ്ക്കപ്പെട്ടു. അതെ തുടര്‍ന്ന് 1000 -കണക്കിന് സിസിടിവി ദൃശ്യങ്ങളും ടോള്‍ ബൂത്തുകളും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ കവര്‍ച്ചക്കാര്‍ ഒരു നീലക്കാറില്‍ രക്ഷപ്പെട്ടതായി കണ്ടു.
തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തില്‍ ബിഹാറിലെ സീതമാഹരി സ്വദേശിയുടേതാണ് കാര്‍ എന്ന് തിരിച്ചറിഞ്ഞു. സുല്‍ത്താന്‍പൂര്‍ റോഡില്‍ നിന്നും നാലുപേരെ അതേ സമയം തന്നെ പൊലീസ് പിടികൂടി. എടിഎമ്മില്‍ നിന്നും മോഷ്ടിച്ച പണത്തില്‍ നിന്നും 9.13 ലക്ഷം ഇവരില്‍ നിന്നും കണ്ടെത്തി. പിന്നീട് ഇവരെ വിശദമായി ചോദ്യം ചെയ്തപ്പോഴാണ് എടിഎം ബാബയെക്കുറിച്ചുള്ള വിവരങ്ങള്‍ പോലീസിനു ലഭിച്ചത്.
' യുപിയില്‍ നിന്നും ബിഹാറില്‍ എത്തിക്കുന്ന യുവാക്കള്‍ക്ക് എടിഎം കവര്‍ച്ച നടത്താന്‍ മൂന്ന് മാസത്തെ ക്രാഷ് കോഴ്സ് നല്‍കും. എടിഎമ്മില്‍ പെട്ടെന്ന് പ്രവേശിക്കാനും എടിഎം ബൂത്തിന്റെ ഗ്ലാസ് ഭിത്തികളിലും ക്യാമറകളിലും പ്രത്യേക ദ്രാവകം സ്പ്രേ ചെയ്ത് കുറ്റം മറയ്ക്കാനും. എടിഎമ്മുകളുടെ ക്യാഷ് ബോക്സ് മുറിച്ച് 15 മിനിറ്റിനുള്ളില്‍ പണം കവര്‍ന്ന് രക്ഷപ്പെടാനുമുള്ള വിദ്യകള്‍ അവരെ പഠിപ്പിക്കും' - സുശാന്ത് ഗോള്‍ഫ് സിറ്റി പൊലീസ് സ്റ്റേഷന് എസ്എച്ച്ഒ ശൈലേന്ദ്ര ഗിരി പറഞ്ഞു.






