
കണ്ണൂർ: ഏതെങ്കിലും ആശയത്തെ നിരോധന നിയമം കൊണ്ട് ഇല്ലാതാക്കാനാവില്ലെന്ന് ഇടതുമുന്നണി കൺവീനർ ഇപി ജയരാജൻ. സംഘടനകളെയും ഇങ്ങനെ ഇല്ലാതാക്കാൻ കഴിയില്ല. കേരളാ സ്റ്റോറിയുടെ വസ്തുത വിശദീകരിച്ച് ജനങ്ങളെ ശരിയായ ദിശയിലേക്ക് കൊണ്ടുവരണം.
കേരളാ സ്റ്റോറിക്ക് ഒരു ലക്ഷ്യമുണ്ട്കേരളം മതേതര ജനാധിപത്യ സംസ്ഥാനമാണ്. ഏഴ് വർഷത്തിനിടെ ഇവിടെ മതസ്പർദ്ധയും ശത്രുതയും ഉണ്ടായിട്ടില്ല. കേരളത്തിൽ വർഗീയ ധ്രുവീകരണമുണ്ടാക്കുകയെന്ന രാഷ്ട്രീയ ലക്ഷ്യമാണ് ദ കേരളാ സ്റ്റോറി സിനിമ നിര്‍മിച്ചതിന് പിന്നിൽ. ഇല്ലാത്ത സംഭവത്തെ ഉള്ളതാക്കി സിനിമയിലൂടെ ചിത്രീകരിക്കുകയാണ് ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഒരു മതവികാരത്തെയും വ്രണപ്പെടുത്താൻ സിപിഎം ആഗ്രഹിക്കുന്നില്ല. ജോസഫ് മാഷിന്റെ കൈവെട്ടിയ നാടാണ് കേരളം. അതുകൊണ്ട് കക്കുകളി പോലുള്ള നാടകങ്ങളിൽ പ്രശ്നങ്ങളുണ്ടെങ്കിൽ ശ്രദ്ധയിൽ പ്പെടുത്തിയാല്‍ സർക്കാർ പരിശോധിക്കും. മതവിശ്വാസത്തെ വ്രണപ്പെടുത്താൻ ഒരിക്കലും സിപിഎം തയ്യാറായിട്ടില്ല. വിശ്വാസ സംരക്ഷണത്തിന് വേണ്ടി ജീവൻ കൊടുത്ത് പോരാടിയ ചരിത്രമാണ് സിപിഎമ്മിന്റേത്. എഐ ക്യാമറ ഇടപാടുമായി ബന്ധപ്പെട്ട് രമേശ് ചെന്നിത്തല പറയുന്നത് കേട്ട് ചാടിപ്പുറപ്പെട്ടാൽ അബദ്ധത്തിൽ ചെന്നുചാടുമെന്നും ഇപി ജയരാജൻ പറഞ്ഞു.
ഇഎംഎസ് ആർഎസ്എസിന്റെ വോട്ട് വേണ്ടെന്ന് പറഞ്ഞിട്ടില്ലേ? അതിനൊരു രാഷ്ട്രീയമുണ്ട്. ചെയ്ത തെറ്റിനെ ന്യായീകരിക്കാൻ വിഎസിന്റെ പ്രസംഗം ഉപയോഗിക്കരുത്. ഓരോ കാലഘട്ടത്തിലും അന്ന് ഉയർന്നുവരുന്ന പ്രശ്നങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ് നേതാക്കൾ പ്രസംഗിക്കുന്നത്. ഒരു സംഘർഷം നടന്ന സ്ഥലത്ത് സംഘർഷം വ്യാപിക്കാതിരിക്കാൻ നിലപാടെടുക്കും. ഹ്രസ്വ കാലത്തേക്കുള്ള പ്രശ്നം വ്യാപിക്കാതിരിക്കാൻ സ്വീകരിക്കുന്ന പൊതുനിലപാടിന്റെ ഭാഗമായി പ്രസംഗിക്കുന്നത് സ്വാഭാവികമാണ്. അത് മൺമറഞ്ഞ നേതാക്കളുടെ പ്രസംഗമെടുത്താലും കാണാം. നെഹ്റുവിന്റെയും ഇഎംഎസിന്റെയും പ്രസംഗങ്ങളോ ഒന്നും അങ്ങനെ ഉപയോഗിക്കരുതെന്ന് ഇപി ജയരാജൻ പറഞ്ഞു .






