
ന്യുയോര്‍ക്ക്: ന്യുയോര്‍ക്ക് സബ്വേ ട്രെയിനില്‍ യാത്രക്കാര്‍ തമ്മിലുണ്ടായ മല്‍പ്പിടുത്തത്തില്‍ യുവാവിന് ദാരുണാന്ത്യം. കഴുത്തില്‍ കൈകളിട്ട് മുറുക്കി ഞെരുക്കിയതോടെ ശ്വാസം കിട്ടാതെയാണ് യുവാവ് മരിച്ചത്. തിങ്കളാഴ്ചയായിരുന്നു സംഭവം. ഫ്രീലാന്‍സ് ജേര്‍ണലിസ്റ്റായ ജുവാന്‍ അലബെര്ട്ടോ വാസ്ക്യുസ് ആണ് ഈ സംഭവം പുറത്തുവിട്ടത്. കൊല്ലപ്പെട്ടയാളുടെ വിവരങ്ങള്‍ പോലീസ് പുറത്തുവിട്ടിട്ടില്ല.
കഴുത്തില്‍ കയ്യിട്ട് മുറുക്കിയതോടെ ശ്വാസം കിട്ടാതെ കൈകാലിട്ടടിച്ച യുവാവിനെ മറ്റു രണ്ടു പേര് പിടിച്ചുവയ്ക്കുന്നതും വീഡിയോയില്‍ കാണാം. എന്നാല്‍ യുവാവുമായി മല്‍പ്പിടുത്തത്തില്‍ ഏര്‍പ്പെട്ട യുവാവിനെ പോലീസ് കസ്റ്റഡിയില്‍ ചോദ്യം ചെയ്തശേഷം വിട്ടയച്ചു. സംഭവത്തില്‍ ഇയാള്‍ക്കെതിരെ കേസെടുത്തിട്ടില്ല. അന്വേഷണം നടക്കുകയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ട്രെയിനുള്ളില്‍ പ്രകോപനപരമായി ഇയാള്‍ സംസാരിച്ചുവെന്ന് ദൃക്സാക്ഷിയായ ജുവാന്‍ അലബെര്ട്ടോ വാസ്ക്യുസ് പറയുന്നു. തനിക്കു വിശക്കുകയും ദാഹിക്കുകയും ചെയ്യുന്നു. മറ്റൊന്നിനെയും കുറിച്ച് ആലോചിക്കുന്നില്ല. ജയിലില്‍ പോകുന്നതിനു പോലും മടിയില്ല. ജീവപര്യന്തം തടവുശിക്ഷ കിട്ടുന്നത് പോലും പ്രശ്നമല്ല. മരിക്കുന്നത് പോലും പ്രശ്നമല്ല' എന്ന രീതിയിലാണ് അയാള്‍ സംസാരിച്ചുകൊണ്ടിരുന്നത്. ട്രെയിനിലുണ്ടായിരുന്ന മറ്റ് യാത്രക്കാര്‍ ഭയചകിതരായി. ഈ സമയം മുന്നോട്ടുവന്ന മൂന്ന് പേര് ഇയാളെ കീഴ്പ്പെടുത്തുകയായിരുന്നു.
ട്രെയിനില്‍ വഴക്ക് നടക്കുന്നതായി വിവരം കിട്ടിയ പോലീസ് എത്തുമ്പോള്‍ യുവാവ് അബോധാവസ്ഥയിലായിരുന്നു. പതിനഞ്ചു മിനിറ്റോളം ഇയാളെ കഴുത്തില്‍ മുറുക്കിപ്പിടിച്ചിരുന്നു. ട്രെയിന്‍ ബ്രോഡ്വേ-ലഫതെറ്റെ സ്റ്റേഷനില്‍ എത്തിയപ്പോള്‍ മറ്റ് യാത്രക്കാര്‍ പുറത്തേക്ക് പോയി. ഈ സമയം കൊല്ലപ്പെട്ട യുവാവും ഇയാളുമായി വഴക്കിട്ടവരും മാത്രമാണ് ഉണ്ടായിരുന്നത്.
എന്നാല്‍ കഴുത്തുമുറുക്കിയതോടെ ട്രെയിനുള്ളില്‍ വച്ച് തന്നെ യുവാവ് ശ്വാസം കിട്ടാതെ മരിച്ചുവെന്ന് പോലീസ് പറയുന്നു. എന്നാല്‍ അയാള്‍ മരിച്ചതായി ആ സമയം ട്രെയിനിലുണ്ടായിരുന്ന ആരും കരുതിയിരുന്നില്ല.






