
പ്രസിഡന്റ് വ്ളാഡിമര്‍ പുട്ടിനെ വധിക്കാന്‍ യുക്രൈന് ശ്രമം നടത്തിയെന്ന ആരോപണവുമായി റഷ്യ രംഗത്ത്. യുക്രൈന് നേരെ ശക്തമായി തിരിച്ചടിക്കുമെന്നും രണ്ട് യുക്രൈന് ഡ്രോണുകള്‍ വെടിവച്ചിട്ടതായും റഷ്യ പറയുന്നു. ഡ്രോണുകളെ തിരിച്ചറിയാന്‍ തങ്ങളുടെ വ്യോമ പ്രതിരോധ സംവിധാനങ്ങളാണ് സഹായിച്ചത്. ക്രെംലിന് രണ്ട് ഡ്രോണുകള്‍ തകര്‍ക്കുന്ന ദൃശ്യങ്ങളും പുറത്തുവിട്ടിട്ടുണ്ട്.
യുക്രൈന് ഡ്രോണുകള്‍ എത്തിയ സമയത്ത് പുടിന് ക്രെംലിനില്‍ ഉണ്ടായിരുന്നില്ലെന്ന് ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാല്‍ പ്രസിഡന്റിന്റെ വസതിക്ക് നേരെ ആക്രമണം നടത്താന്‍ ഉദ്ദേശിച്ചാണ് ഡ്രോണുകള്‍ എത്തിയതെന്ന് ക്രെംലിന് ആരോപണമുന്നയിച്ചിട്ടുണ്ട്.
പുട്ടിന് പരുക്കുകളൊന്നുമില്ലെന്നും അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്കോ പരിപാടികള്‍ക്കോ മാറ്റം വരുത്തിയിട്ടില്ലെന്നും പുടിന്റെ വക്താവ് അറിയിച്ചു. റഷ്യയുടെ വിക്ടറി ഡേ പരിപാടികള്‍ മെയ് 9ന് നടക്കാനിരിക്കെയാണ് ഇത്തരമൊരു ആക്രമണം നടന്നെന്ന ആരോപണം റഷ്യ ഉന്നയിച്ചിരിക്കുന്നത്. വിക്ടറി ഡേ പരേഡ് വിപുലമായി നടക്കുമെന്നും പരിപാടികള്‍ക്കൊന്നും യാതൊരു മാറ്റവും നിലവില്‍ വരുത്തിയിട്ടില്ലെന്നും ക്രെംലിന് അറിയിച്ചു.






