
കൊച്ചി: കൊച്ചി ചിലവന്നൂര്‍ കായല്‍ തീരത്ത് പരിസ്ഥിതി ചട്ടങ്ങള്‍ ലംഘിച്ച് നിര്‍മ്മിച്ച ഡി.എല്‍.എഫ് ഫ്ളാറ്റ് പൊളിച്ചു നീക്കേണ്ടെന്ന് ഹൈക്കോടതി. നിയമം ലംഘിച്ചു കെട്ടിടം നിര്‍മ്മിച്ചുവെന്ന് കണ്ടെത്തിയ സാഹചര്യത്തില്‍ ഒരു കോടി രൂപ പിഴ നല്കാന് ഡിവിഷന് ബെഞ്ച് നിര്‍ദേശിച്ചു. പരിസ്ഥിതി വകുപ്പിനാണ് പിഴ നല്‍കേണ്ടത്.
ജനങ്ങളുടെ ബുദ്ധിമുട്ടും കോടികളുടെ നിക്ഷേപവും കണക്കിലെടുത്താണ് ഫ്ളാറ്റ് പൊളിച്ചുനീക്കേണ്ടതില്ല എന്ന് കോടതി നിര്‍ദേശിച്ചത്. നിയമം ലംഘിച്ചാണ് ഫ്ളാറ്റ് നിര്‍മ്മിച്ചതെന്ന സിംഗിള്‍ ബെഞ്ചിന്റെ കണ്ടെത്തല്‍ ഡിവിഷന് ബെഞ്ച് ശരിവച്ചു.
ഫ്ളാറ്റ് പൊളിച്ചുനീക്കാന്‍ സിംഗിള്‍ ബെഞ്ച് കഴിഞ്ഞ ഡിസംബറില്‍ ഉത്തരവിട്ടിരുന്നു. ഇത് ചോദ്യം ചെയ്താണ് ഡി.എല്‍.എഫ് ഡിവിഷന് ബെഞ്ചിനെ സമീപിച്ചത്. ഫ്ളാറ്റ് നിര്‍മ്മാണത്തില്‍ തീരദേശ പരിപാലന നിയമത്തിന്റെ ലംഘനം നടന്നിട്ടില്ലെന്ന് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയവും ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കിയിരുന്നു.






