
ന്യുഡല്‍ഹി: പത്തു ലക്ഷമോ അതിലധികമോ വാര്‍ഷിക വരുമാനമുള്ള കുടുംബങ്ങളുടെ പാചക വാതക സബ്സിഡി എടുത്തുമാറ്റിയേക്കും. ആദായ നികുതിവകുപ്പില്‍ നിന്നുള്ള കണക്കുകള്‍ പരിശോധിച്ച് സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഇന്ധന വിതരണ കമ്പനികള്‍ തന്നെ ഈ നീക്കം നടത്തുമെന്നാണ് സൂചന.
പത്തു ലക്ഷം രൂപയില്‍ കൂടുതല്‍ വാര്‍ഷിക വരുമാനമുള്ള ഉപഭോക്താക്കളെ സബ്സിഡിയില്‍ നിന്ന് ഒഴിവാക്കി കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ പെട്രോളിയം മന്ത്രാലയം തീരുമാനമെടുത്തിരുന്നു. ജനുവരി മുതല്‍ മുതല്‍ നടപ്പാക്കുകയും ചെയ്തിരുന്നു. ഉപഭോക്താക്കള്‍ നല്കുന്ന സത്യവാങ്മൂലത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ഇത്.
പുതിയ ഉത്തരവ് പ്രകാരം, ഉപഭോക്താക്കളുടെ വരുമാനം സംബന്ധിച്ച് സര്‍ക്കാര്‍ നല്കുന്ന കണക്കുകള്‍ പരിശോധിച്ച് സബ്സിഡി റദ്ദാക്കാന്‍ പാതക വാതക കമ്പനികള്‍ക്ക് അധികാരം നല്‍കാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. ഇത് നടപ്പാക്കിയാല്‍ ഇത്തരം ഉപഭോക്താക്കള്‍ മുഴുവന്‍ പണവും നല്കി പാചക വാതകം എടുക്കേണ്ടിവരും.
സബ്സിഡി സാമ്പത്തികമായി താഴ്ന്ന നിലയിലുള്ളവര്‍ക്ക് മാത്രമായി പരിമിതപ്പെടുത്തുന്നതിനാണ് ഈ തീരുമാനം. ഉയര്‍ന്ന വരുമാനമുള്ളവര്‍ സബ്സിഡി ഉപേക്ഷിക്കണമെന്ന് സര്‍ക്കാര്‍ നേരത്തെ മുതല്‍ ആവശ്യപ്പെടുന്നുണ്ട്. ഇതുപ്രകാരം 1.05 കോടി ഉപഭോക്താക്കള്‍ സബ്സിഡി വേണ്ടെന്നു വച്ചിരുന്നു.






