
ജാര്‍ഖണ്ഡിലെ ഗിരിദിഹില്‍ കല്യാണവീട്ടില്‍ പൂരി കിട്ടാത്തതിനെ ചൊല്ലി കൂട്ടത്തല്ല്. കല്യാണ തലേന്ന് നടത്തിയ ആഘോഷ പരിപാടിയില്‍ ക്ഷണിക്കപ്പെടാതെ വന്ന ഒരു കൂട്ടം യുവാക്കളാണ് കല്യാണവീട്ടില്‍ കോലാഹലം സൃഷ്ടിച്ചത്. ചൂടുള്ള മൊരിഞ്ഞ പൂരി തങ്ങള്‍ക്ക് ലഭിച്ചില്ലെന്ന് ആരോപിച്ചായിരുന്നു യുവാക്കള്‍ തമ്മില്‍ തല്ലുണ്ടായത്.
എന്നാല്‍ മനപൂര്‍വ്വം ബഹളമുണ്ടാക്കുക എന്നു തന്നെയായിരുന്നു സംഘത്തിന്റെ ലക്ഷ്യമെന്ന് മറ്റുള്ളവര്‍ പറഞ്ഞു. യുവാക്കള്‍ പൂരി കിട്ടാത്തതില്‍ ബഹളം വെച്ചതിന് പിന്നാലെ മറ്റൊരു സംഘം കൂടി വിവാഹ വീട്ടിലേക്ക് എത്തി. തുടര്‍ന്ന് അവര്‍ ഒന്നിച്ച് വാക്കേറ്റവും കല്ലേറും തമ്മില്‍ തല്ലുമായി. എന്നാല്‍ ഇതിന് പിന്നാലെയാണ് ക്ഷണിക്കാപ്പെടാത്തവരാണ് പരിപാടിയ്ക്കെത്തിയതെന്ന് മനസിലായത്. നാലോളം പേര്‍ക്ക് സംഭവത്തില്‍ പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
സംഭവത്തിന് പിന്നാലെ പൊലീസെത്തി ഒരാളെ കസ്റ്റഡിയിലെടുത്തു. പൊലീസ് കേസെടുത്തതായും അന്വേഷണം പുരോഗമിക്കുന്നതായും അറിയിച്ചു. പ്രശ്നം തുടങ്ങിവെച്ച ആളെയാണ് അറസ്റ്റ് ചെയ്തതെന്ന് പോലീസ് വ്യക്തമാക്കി. പിന്നീട് കനത്ത പൊലീസ് സുരക്ഷയില്‍ വിവാഹ ചടങ്ങുകള്‍ പൂര്‍ത്തിയായി.






