
എന്‍.സി.പി. ദേശീയ അധ്യക്ഷസ്ഥാനം രാജിവെക്കാനുള്ള തീരുമാനം ശരദ് പവാര്‍ പിന്‍വലിച്ചു. അധ്യക്ഷനായി തുടരുമെന്ന് അദ്ദേഹം അറിയിച്ചു. പാര്‍ട്ടി പ്രവര്‍ത്തകരുടെ വികാരങ്ങളെ ബഹുമാനിക്കാതെ മുന്നോട്ട് പോകാനാവില്ലന്ന് പവാര്‍ പറഞ്ഞു. മേയ് രണ്ടിനാണ് അപ്രതീക്ഷിതമായി ഇദ്ദേഹം രാജി പ്രഖ്യാപനം നടത്തിയത്.
പവാര്‍ ആയിരുന്നു 1999-ല്‍ പാര്‍ട്ടി സ്ഥാപിച്ചത് മുതല്‍ അധ്യക്ഷസ്ഥാനത്ത്. വെളളിയാഴ്ച എന്‍.സി.പിയുടെ പുതിയ അധ്യക്ഷനെ കണ്ടെത്താന്‍ രൂപവത്കരിച്ച പാര്‍ട്ടി കമ്മിറ്റി പവാറിന്റെ രാജി നിരാകരിച്ചിരുന്നു. മഹാരാഷ്ട്രയിലെ എന്‍.സി.പി. പ്രവര്‍ത്തകരുടെ പ്രതിഷേധത്തിന്റെ പശ്ചാത്തലത്തിലാണ് കമ്മിറ്റി ഇത്തരമൊരു നടപടി സ്വീകരിച്ചത്. ഇതിന് പിന്നാലെയാണ് രാജി തീരുമാനം പിന്‍വലിക്കുന്നതായി പവാര്‍ അറിയിച്ചത്.
എന്റെ തീരുമാനം പ്രഖ്യാപിച്ചതിന് പിന്നാലെ പ്രവര്‍ത്തകരും ജനങ്ങളും അസ്വസ്ഥരായി. തീരുമാനം പുനഃപരിശോധിക്കണമെന്ന് ഉപദേശകര്‍ എന്നോട് ആവശ്യപ്പെട്ടു. എന്നെ പിന്തുണയ്ക്കുന്നവരും മഹാരാഷ്ട്രയില്‍നിന്നും രാജ്യത്തിന്റെ മറ്റിടങ്ങളില്‍നിന്നുമുള്ള രാഷ്ട്രീയക്കാരും തീരുമാനം പിന്‍വലിക്കാന്‍ ആവശ്യപ്പെട്ടു. ഈ അഭ്യര്‍ഥനകള്‍ പരിഗണിച്ച് എന്‍.സി.പി. ദേശീയ അധ്യക്ഷസ്ഥാനം ഒഴിയാനുള്ള തീരുമാനം പിന്‍വലിക്കുകയാണെന്നും പവാര്‍ കൂട്ടിച്ചേര്‍ത്തു.






