
ദില്ലി: സിബിഎസ്ഇ പുനർമൂല്യനിർണയവുമായി ബന്ധപ്പെട്ട് വീണ്ടും പരാതികൾ ഉയരുന്നു. അപേക്ഷ നൽകിയിട്ടില്ലാത്ത വിഷയങ്ങളിലും പുനർമൂല്യനിർണയം നടത്തി മാർക്ക് കുറച്ചതായി വിദ്യാർത്ഥികൾ ആരോപിക്കുന്നു. ഇതിനെതിരെ സിബിഎസ്ഇക്കെതിരെ ഹർജി നൽകാനുള്ള നീക്കത്തിലാണ് വിദ്യാർത്ഥികൾ.
ചില പേപ്പറുകളിൽ പുനർമൂല്യനിർണയം തന്നെ നടത്തിയില്ലെന്നും ആരോപണമുണ്ട്. നിരവധി പരാതികൾ ലഭിച്ചിട്ടുണ്ടെന്ന് വിദ്യാർത്ഥികൾക്കായി സുപ്രീംകോടതിയിൽ ഹാജരായ അഭിഭാഷകൻ വീനിത് ജിൻഡാൽ അറിയിച്ചു.
കഴിഞ്ഞ ദിവസമാണ് 87 ശതമാനം അപേക്ഷകരുടെ പുനർമൂല്യനിർണയം പൂർത്തിയാക്കിയതായി സിബിഎസ്ഇ അറിയിച്ചത്. ശേഷിക്കുന്ന 13 ശതമാനത്തിന്റെ ഫലങ്ങൾ വരും ദിവസങ്ങളിൽ പ്രഖ്യാപിക്കുമെന്നും ബോർഡ് വ്യക്തമാക്കിയിട്ടുണ്ട്.






