
സംസ്ഥാനത്ത് ഡെങ്കിപ്പനി കേസുകൾ വീണ്ടും ഉയരുന്നു. ചൊവ്വാഴ്ച മാത്രം 159 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. സമാന രോഗലക്ഷണങ്ങളോടെ 295 പേർ ചികിത്സ തേടി. മലപ്പുറത്ത് ഡെങ്കിപ്പനി മൂലമുള്ള ഒരു മരണം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. പാലക്കാട്ട് ഡെങ്കി ബാധിച്ച് ഒരാൾ മരിച്ചെങ്കിലും ഔദ്യോഗിക സ്ഥിരീകരണം ലഭിച്ചിട്ടില്ല.
ഡെങ്കിപ്പനിയിൽ ചികിത്സ വൈകാതെ തേടേണ്ടത് നിർണായകമാണെന്ന് ആരോഗ്യവിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. രക്തത്തിലെ പ്ലേറ്റ്‌ലെറ്റ് കൗണ്ട് കുറയുന്നതു മുതൽ ഹൃദയത്തെ ബാധിക്കുന്ന ഗുരുതരാവസ്ഥയിലേക്ക് രോഗം മാറാൻ സാധ്യതയുണ്ട്. ചിലരിൽ രക്തസമ്മർദത്തിലും അപകടകരമായ വ്യതിയാനങ്ങൾ ഉണ്ടാകാം. ഉയർന്ന പനി, ശക്തമായ തലവേദന, കണ്ണുകൾക്ക് പിന്നിലെ വേദന, പേശികളിലും സന്ധികളിലും അനുഭവപ്പെടുന്ന വേദന എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ.






