
കാസർകോട്: കാഞ്ഞങ്ങാട് അതിഞ്ഞാലിൽ കാർ യാത്രക്കാരായ മൂന്ന് യുവാക്കളെ തടഞ്ഞുനിർത്തി മർദിച്ച സംഭവത്തിൽ അഞ്ച് പേർക്കെതിരെ ഹോസ്ദുർഗ് പൊലീസ് കേസെടുത്തു. അജാനൂർ ഇക്ബാൽ സ്കൂളിന് സമീപം താമസിക്കുന്ന ഷബീർ, ആസിഫ്, നാസർ, ജുനൈഫ്, സമദ് എന്നിവരെയാണ് പ്രതികളായി ഉൾപ്പെടുത്തിയിരിക്കുന്നത്.
ജൂൺ 18-ന് പുലർച്ചെ 12.55 ഓടെയായിരുന്നു സംഭവം. അതിഞ്ഞാൽ സ്വദേശിയായ മുഹമ്മദ് നഫീഹും സുഹൃത്തുക്കളായ മുഹമ്മദ് അൻഷാദും മുഹമ്മദ് സഹലും സഞ്ചരിച്ചിരുന്ന കാർ കാഞ്ഞങ്ങാട് ഭാഗത്തേക്ക് പോകുന്നതിനിടെ പ്രതികൾ വാഹനം തടഞ്ഞുനിർത്തി ആക്രമിക്കുകയായിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കി.
യുവാക്കൾ ലഹരിമരുന്ന് ഉപയോഗിക്കുന്നുണ്ടെന്ന സംശയത്തെ തുടർന്നാണ് മർദനം നടന്നതെന്നാണ് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയതെന്ന് പൊലീസ് റിപ്പോർട്ടിൽ പറയുന്നു. സംഭവത്തിൽ കൂടുതൽ അന്വേഷണം തുടരുകയാണ്.പരാതിയിൽ പറയുന്നതനുസരിച്ച്, രണ്ടാം പ്രതിയായ ആസിഫ് കാറിനുള്ളിൽ കയറി ബലമായി വാഹനത്തിന്റെ ചാവി പിടിച്ചെടുക്കാൻ ശ്രമിച്ചു. ഇത് ചോദ്യം ചെയ്ത മുഹമ്മദ് അൻഷാദിനെ പ്രതികൾ തള്ളിമാറ്റി. തുടർന്ന് ഒന്നാം പ്രതിയായ ഷബീർ വാഹനത്തിന്റെ ചാവി ഉപയോഗിച്ച് പരാതിക്കാരനായ മുഹമ്മദ് നഫീഹിന്റെ നെഞ്ചിൽ കുത്തി പരിക്കേൽപ്പിച്ചതായും മൊഴിയിൽ പറയുന്നു.
അതേസമയം, മറ്റ് പ്രതികൾ ചേർന്ന് അൻഷാദിനെയും മുഹമ്മദ് സഹലിനെയും കൈകൾ കൊണ്ട് മർദിച്ചതായും പരാതിയിൽ വ്യക്തമാക്കുന്നു. നഫീഹ് നൽകിയ മൊഴിയുടെ അടിസ്ഥാനത്തിൽ ജൂൺ 23-ന് ഹോസ്ദുർഗ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. ഭാരതീയ ന്യായ സംഹിത (BNS) 126(2), 115(2), 118(1) വകുപ്പുകൾ പ്രകാരമാണ് പ്രതികൾക്കെതിരെ കേസെടുത്തിരിക്കുന്നത്.






