
ചെന്നൈ: സംസ്ഥാനത്തെ സര്‍ക്കാര്‍ ആശുപത്രികളില്‍ ജനിക്കുന്ന എല്ലാ കുഞ്ഞുങ്ങള്‍ക്കും ഒരു ഗ്രാം സ്വര്‍ണ മോതിരം നല്‍കുന്ന ക്ഷേമപദ്ധതി തമിഴ്‌നാട് സര്‍ക്കാര്‍ പ്രഖ്യാപിച്ചു. ഭരണകക്ഷിയായ ടിവികെയുടെ പ്രധാന തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിലൊന്നായ ‘തായ് മാമന്‍ തങ്ക മോതിരം’ പദ്ധതിക്കാണ് മുഖ്യമന്ത്രി സി. ജോസഫ് വിജയ് തുടക്കമിടുന്നത്. പദ്ധതിക്കായി പ്രതിവര്‍ഷം 755.83 കോടി രൂപ ചെലവഴിക്കുമെന്ന് സര്‍ക്കാര്‍ അറിയിച്ചു.
മുന്‍ മുഖ്യമന്ത്രി സി.എന്‍. അണ്ണാദുരൈയുടെ ജന്മവാര്‍ഷിക ദിനമായ സെപ്റ്റംബര്‍ 15-നാണ് പദ്ധതിയുടെ ഔദ്യോഗിക ഉദ്ഘാടനം. എന്നാല്‍, 2026 ജൂണ്‍ 22 മുതല്‍ സര്‍ക്കാര്‍ ആശുപത്രികളില്‍ ജനിച്ച എല്ലാ കുഞ്ഞുങ്ങള്‍ക്കും പദ്ധതി മുന്‍കാല പ്രാബല്യത്തോടെ ലഭ്യമാകും. മുഖ്യമന്ത്രി വിജയിയുടെ ജന്മദിനവും ജൂണ്‍ 22 തന്നെയാണ്. ഓരോ വര്‍ഷവും ഏകദേശം നാല് ലക്ഷം കുഞ്ഞുങ്ങള്‍ സര്‍ക്കാര്‍ ആശുപത്രികളില്‍ ജനിക്കുന്നുവെന്നാണ് കണക്ക്.
പുതുതായി ജനിക്കുന്ന കുഞ്ഞിന് മാതൃസഹോദരന്‍ സമ്മാനവും അനുഗ്രഹവും നല്‍കുന്ന പാരമ്പര്യത്തിന്റെ പ്രതീകമായാണ് പദ്ധതി അവതരിപ്പിച്ചിരിക്കുന്നത്. കുഞ്ഞിനോടും കുടുംബത്തോടുമുള്ള സര്‍ക്കാരിന്റെ കരുതലിന്റെ ഭാഗമായാണ് സ്വര്‍ണ മോതിരം വിതരണം ചെയ്യുന്നത്.
പ്രഗ്നന്‍സി ആന്‍ഡ് ഇന്‍ഫാന്റ് കൊഹോര്‍ട്ട് മോണിറ്ററിങ് ആന്‍ഡ് ഇവാലുവേഷന്‍ സംവിധാനത്തില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളതും റീപ്രൊഡക്ടിവ് ആന്‍ഡ് ചൈല്‍ഡ് ഹെല്‍ത്ത് ഐഡി ഉള്ളതുമായ അമ്മമാര്‍ക്കാണ് പദ്ധതിയുടെ ആനുകൂല്യം ലഭിക്കുക. അപേക്ഷയ്ക്കായി റേഷന്‍ കാര്‍ഡ്, വോട്ടര്‍ ഐഡി, ആധാര്‍ കാര്‍ഡ്, ക്ഷേമബോര്‍ഡ് തിരിച്ചറിയല്‍ കാര്‍ഡ്, തപാല്‍ വകുപ്പിന്റെ വിലാസ രേഖ, നേറ്റിവിറ്റി സര്‍ട്ടിഫിക്കറ്റ് എന്നിവ സമര്‍പ്പിക്കണം.






