പെറു: ലാറ്റിനമേരിക്കന്‍ രാജ്യമായ പെറുവില്‍ സ്വര്‍ണഖനിയിലുണ്ടായ അഗ്നിബാധയില്‍ 27 തൊഴിലാളികള്‍ മരിച്ചു. ദക്ഷിണ പെറുവിലെ കോണ്ഡെസൂയോസ് പ്രവിശ്യയിലെ ഒറ്റപ്പെട്ട മേഖലയില്‍ സ്ഥിതി ചെയ്യുന്ന ഖനിയിലാണ് ഞായറാഴ്ച ദുരന്തമുണ്ടായത്. പെറുവിന്റെ ചരിത്രത്തില്‍ അടുത്തകാലത്തുണ്ടായ ഏറ്റവും വലിയ ഖനി ദുരന്തങ്ങളിലൊന്നാണിത്.
ഖനിയിലുണ്ടായ സ്ഫോടനത്തെ തുടര്‍ന്നാണ് തീപിടുത്തമുണ്ടായതെന്ന് പ്രദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഈ സമയം തൊഴഇലാളികള് ഖനിയില്‍ 100 മീറ്റര്‍ ആഴത്തിലാണ് ജോലി ചെയ്തിരുന്നത്. ഖനിയിലുണ്ടായിരുന്നവരില് ആരും തന്നെ ജീവിച്ചിരിപ്പില്ലെന്നാണ് സൂചന.
ലാറ്റിനമേരിക്കയിലെ ഏറ്റവും വലിയ സ്വര്‍ണ ഉത്പാക രാജ്യമാണ് പെറു. വെള്ളി, ചെമ്പ്, സിങ്ക്, ടിന്, ലെഡ്, മൊളിബ്ദിയും തുടങ്ങിയവയുടെ ഉത്പാദനത്തില്‍ ലോകത്തുതന്നെ രണ്ടാം സ്ഥാനമാണ് പെറുവിന്. അപകടമുണ്ടായത് 23 വര്‍ഷമായി ഖനനം നടക്കുന്ന ഖനിയിലാണ്. പെറുവിന്റെ സമ്പദ്ഘടനയില്‍ ഏറ്റവും പ്രധാനമാണ് ഖനി വരുമാനം.
കഴിഞ്ഞ വര്‍ഷമുണ്ടായ ഖനി ദുരന്തത്തില്‍ 39 പേര്‍ക്ക് ജീവന് നഷ്ടമായിരുന്നു. 2020ല്‍ നാല് തൊഴിലാളികള്‍ കൊല്ലപ്പെട്ടു.






