
ന്യുഡല്‍ഹി: രാജസ്ഥാന് മുഖ്യമന്ത്രിയും മുതിര്‍നന്ന കോണ്‍ഗ്രസ് നേതാവുമായ അശോക് ഗെലോട്ടിനെ കടന്നാക്രമിച്ച് സച്ചിന് പൈലറ്റ്. അശോക് ഗെലോട്ടിന്റെ നേതാവ് സോണിയ ഗാന്ധിയല്ല, വസുന്ധര രാജെ സിന്ധ്യയാണെന്ന് തോന്നുന്ന പോലെയാണ് പെരുമാറ്റം. സ്വന്തം പാര്‍ട്ടിയിലെ എംഎല്‍എമാരെയും എം.പിമാരെയും വിമര്‍ശിക്കുന്നു. ബിജെപി നേതാക്കളെ പുകഴ്ത്തുകയും കോണ്‍ഗ്രസ് നേതാക്കളെ ഇകഴ്ത്തുകയും ചെയ്യുന്ന അദ്ദേഹത്തിന്റെ പെരുമാറ്റം തനിക്ക് മനസ്സിലാക്കാന്‍ പറ്റുന്നില്ല. ഇത് തികച്ചും തെറ്റാണ്- പൈലറ്റ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
2020 ജൂലായില്‍ അന്നത്തെ ഉപമുഖ്യമന്ത്രിയായിരുന്ന സച്ചിന് പൈലറ്റും അദ്ദേഹത്തെ പിന്തുണയ്ക്കുന്ന 18 എംഎല്‍എമാരും അശോക് ഗെലോട്ടിനെതിരെ അട്ടിമറി നീക്കം നടത്തിയെങ്കിലും വസുന്ധര രാജെയും കൈലാഷ് മേഗ്വാളുമടങ്ങുന്ന ബിജെപി നേതൃത്വംഅതിനെ പിന്തുണയ്ക്കാത്തതിനാല്‍ നീക്കം പാളുകയായിരുന്നു. അന്നു മുതല്‍ ഇരുവരും തമ്മില്‍ ഏറ്റുമുട്ടല്‍ രൂക്ഷമാണ്. ഹൈക്കമാന്‍ഡ് ഇടപെടലിനെ തുടര്‍ന്ന് മൂന്നു മാസത്തിനു ശേഷമാണ് പ്രതിസന്ധിയില്‍ അയവ് വന്നത്. സച്ചഇന് പൈലറ്റിനെ കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ സ്ഥാനത്തുനിന്നും ഉപമുഖ്യമന്ത്രി സ്ഥാനത്തുനിന്നും നീക്കുകയും ചെയ്തിരുന്നു.






