
ദക്ഷിണാഫ്രിക്കയില്‍ നിന്ന് മധ്യപ്രദേശിലെ കുനോ നാഷണല്‍ പാര്‍ക്കിലെത്തിച്ച ഒരു ചീറ്റ കൂടി ചത്തു. ദക്ഷയെന്ന് പേരിട്ടിരിക്കുന്ന പെണ് ചീറ്റയാണ് ചത്തത്. മറ്റ് ചീറ്റകളുമായി ഏറ്റുമുട്ടിയുണ്ടായ പരിക്കിനെ തുടര്‍ന്നാണ് ചീറ്റപ്പുലി ചത്തതെന്നാണ് പ്രാഥമികമായ കണ്ടെത്തല്‍.
ദക്ഷിണാഫ്രിക്കയില്‍ നിന്ന് കഴിഞ്ഞ സെപ്റ്റംബറിലാണ് ഇന്ത്യയിലേക്ക് 20 ചീറ്റകളെ എത്തിച്ചത്. ഇതില്‍ ഒരെണ്ണം മാര്‍ച്ചിലും മറ്റൊന്ന് ഏപ്രിലും ചത്തിരുന്നു. കിഡ്നി സംബന്ധമായ പ്രശ്നത്തെ തുടര്‍ന്നാണ് മാര്‍ച്ചില്‍ സാഷയെന്ന ചീറ്റ ചത്തത്. ഏപ്രിലില്‍, രണ്ടാമത്തെ ചീറ്റയായ ഉദയും അസുഖം ബാധിച്ച് ചികിത്സയ്ക്കിടെ ചത്തിരുന്നു.ജന്മദിനത്തോട് അനുബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിയായിരുന്നു ചീറ്റകളെ തുറന്നുവിട്ടത്. ഇതില്‍ സിയായ എന്ന ചീറ്റ അടുത്തിടെ നാല് കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കിയിരുന്നു.






