
മലപ്പുറം : താനൂരില്‍ വിനോദയാത്ര ബോട്ട് മറിഞ്ഞ് 22 പേര് മരിച്ച സംഭവത്തില്‍ ഒരാള്‍ കൂടി പോലീസ് പിടിലായി. ബോട്ട് ജീവനക്കാരനായ താനൂര്‍ സ്വദേശി വടക്കയില്‍ സവാദിനെയാണ് പോലീസ് കസ്റ്റഡിയില്‍ എടുത്തത്. ഇതോടുകൂടി ആകെ ഒമ്പത് പേരാണ് ഇതുവരെ പിടിലായത്. പ്രതികളില്‍ മൂന്ന് പേര് ബോട്ട് ഉടമയെ ഒളിവില്‍ പോകാന്‍ സഹായിച്ചവരാണ്.
അന്വേഷണ സംഘം ബേപ്പൂര്‍ പോര്‍ട്ട് ഓഫീസില്‍ പരിശോധന നടത്തി. അപകടത്തില്‍പ്പെട്ട അറ്റ്ലാന്റിക് ബോട്ടുമായി ബന്ധപ്പെട്ട എല്ലാ രേഖകളും അന്വേഷണ സംഘം പിടിച്ചെടുത്തു. ബോട്ടപകടം അന്വേഷിക്കുന്ന ജുഡീഷ്യല്‍ കമ്മീഷന് ചെയര്മാന് റിട്ട. ജസ്റ്റിസ് വി കെ മോഹനന് അപകട സ്ഥലവും ബോട്ടും പരിശോധിച്ചു. അനൗദ്യോഗിക സന്ദര്‍ശനം ആണെന്നും കമ്മീഷന് അംഗങ്ങള്‍ ഉടന്‍ യോഗം ചേരുമെന്നും അദ്ദേഹം അറിയിച്ചു.
അറസ്റ്റിലായ ബോട്ട് സ്രാങ്ക് ദിനേശനെ പരപ്പനങ്ങാടി കോടതി റിമാൻഡ് ചെയ്തു. റിമാൻഡിലുള്ള ബോട്ടുടമ നാസറിനെ കസ്റ്റഡിയിൽ ലഭിക്കാൻ പോലീസ് ഇന്ന് അപേക്ഷ നൽകും.ബോട്ടിന്റെ ഉടമ താനൂര്‍ സ്വദേശി നാസര്‍, ഇയാളെ രക്ഷപ്പെടാന്‍ സഹായിച്ച സലാം (53), വാഹിദ് (27), മുഹമ്മദ് ഷാഫി (37), ബോട്ട് ഓടിച്ച സ്രാങ്ക് ദിനേശന്, ബോട്ടിന്റെ മാനേജര്‍ അനില്‍, സഹായികളായ ബിലാല്‍, ശ്യാം കുമാര്‍ എന്നിവരാണ് അറസ്റ്റിലായ മറ്റുളളവര്‍.






