
ബംഗലുരു: ഇന്ത്യ ആകാംഷയോടെ കാത്തിരുന്ന കര്‍ണാടകാ തെരഞ്ഞെടുപ്പില്‍ മോദിപ്രഭാവം ഇത്തവണ ബിജെപിയ്ക്ക് തുണയായില്ല. വോട്ടെണ്ണല്‍ രണ്ടു മണിക്കൂര്‍ പിന്നിടുമ്പോള്‍ 224 സീറ്റുകളിലെ ലീഡ് നില പുറത്തുവരുമ്പോള്‍ സംസ്ഥാനത്ത് കോണ്‍ഗ്രസ് തരംഗത്തിലേക്ക് എന്ന സൂചന.
ബിജെപിയുടെ എല്ലാ മേഖലയിലും കടന്നുകയറിയ കോണ്‍ഗ്രസ് വലിയ നേട്ടമാണുണ്ടാക്കുന്നത്. ബിജെപിയുടെ ദക്ഷിണേന്ത്യന്‍ പ്രാതിനിധ്യമായി വിശേഷിപ്പിക്കുന്ന കര്‍ണാടകത്തില്‍ ഇത്തവണ മോദി പ്രഭാവവും ഗുണമായില്ല. തെരഞ്ഞെടുപ്പിന് മോദിയും അമിത്ഷായും ജെപി നദ്ദയും ഇറങ്ങിയിട്ടും കര്‍ണാടകയില്‍ ബിജെപിയെ മുന്നിലേക്ക് നയിക്കാനായില്ല.
പ്രധാനമന്ത്രിയുടെ വരവ് കര്‍ണാടക ബിജെപി ആഘോഷമാക്കിയിരുന്നു. 19 റാലികളിലാണ് ഇത്തവണ മോദി കര്‍ണാടകയില്‍ പ്രചരണത്തിന് എത്തിയത്. ആറ് റോഡ്ഷോയിലും പങ്കെടുത്ത അദ്ദേഹത്തെ ടണ്‍ കണക്കിന് പൂക്കള്‍ വിതറിയാണ് ബിജെപി പ്രവര്‍ത്തകര്‍ സ്വീകരിച്ചത്. 16 മൈല്‍ നീളത്തില്‍ 10 മുതല്‍ 50 ടണ്‍ വരെ പൂക്കളാണ് മോദി സഞ്ചരിച്ച പാതയില്‍ ബിജെപി വിരിച്ചത്. മുകളില്‍ പൂക്കള്‍ നിറഞ്ഞ വാഹനത്തില്‍ അദ്ദേഹം സഞ്ചരിക്കുന്നതിന്റെ അനേകം ചിത്രങ്ങള്‍ പ്രധാന മാധ്യമങ്ങളെല്ലാം പുറത്തുവിട്ടിരുന്നു. ബംഗലുരു ഉള്‍പ്പെടെയുള്ള വന്‍ നഗരങ്ങളിലായിരുന്നു ബിജെപിയുടെ റോഡ്ഷോകള്‍. ദൈവത്തിന്റെ അവതാരമെന്ന നിലയില്‍ പോലും മോദിയെ വിശേഷിപ്പിക്കാന്‍ ബിജെപി പ്രവര്‍ത്തകര്‍ മടിച്ചില്ല.
പ്രചരണത്തിന്റെ അവസാന ഘട്ടത്തില്‍ ഇന്ത്യയുടെ കിഴക്കന്‍ സ്റ്റേറ്റായ മണിപ്പൂരില്‍ വന്‍ കലാപത്തിന് സാക്ഷ്യം വഹിച്ചപ്പോഴും മോദി കര്‍ണാടത്തിലെ പ്രചരണത്തിനായിരുന്നു കൂടുതല്‍ പ്രാധാന്യം നല്‍കിയത്്. കര്‍ണാടകാ തെരഞ്ഞെടുപ്പിന് വന്‍തുക ഇറക്കിയായിരുന്നു ബിജെപി പ്രചരണം നടത്തിയത്. 400 പൊതുറാലികളും 130 റോഡ്ഷോകളുമായിരുന്നു ബിജെപി നടത്തിയത്. പുഷ്പവൃഷ്ടിക്ക് മാത്രമായി അവര്‍ക്ക് കോടിക്കണക്കിന് രൂപ ചെലവഴിച്ചതായിട്ട് വേണം കണക്കാക്കാന്‍.
അതേസമയം കര്‍ണാടക രാഷ്ട്രീയം പ്രധാനമായും രണ്ടു സമുദായങ്ങളെ ചുറ്റിപ്പറ്റിയാണ് എന്നും നിന്നിരുന്നത്. ലിംഗായത്തും വൊക്കലിംഗയും. ഇതില്‍ 17 ശതമാനം വരുന്ന ലിംഗായത്തുകളാണ് പ്രധാനം. ബിദാര്‍, ബഗാല്‍ക്കോട്ട്, ധര്‍വാദ്, വിജയപുര, ബലേഗാവി, ഹവേരി, ഗദാദ്, ഉത്തര കന്നഡ മേഖലകളില്‍ ഇവര്‍ക്ക് സ്വാധീനമുണ്ട്. ഇവരുടെ കരുത്തിലായിരുന്നു ബിജെപി നേരത്തേ കേവലഭൂരിപക്ഷം നേടിയത്. എന്നാല്‍ പ്രമുഖ ലിംഗായത്ത് നേതാവ് യദ്യൂരപ്പയെ മാറ്റി ബസവരാജ് ബൊമ്മൈയെ കൊണ്ടുവന്നത് ബിജെപിയ്ക്ക് തിരിച്ചടിയായതായിട്ട് വേണം കണക്കാക്കാന്‍. ലിംഗായത്ത് നേതാവാണെങ്കിലും യെദ്യൂരപ്പയുടെ സ്വാധീനം അദ്ദേഹത്തിനില്ലെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തിയത്.
വൊക്കലിംഗ സമുദായത്തിന് 15 ശതമാനമാണ് ജനസംഖ്യ. ഹസന്, തുംകൂര്‍, മാണ്ഡ്യ, മൈസൂര്‍, ചാമരാജ്നഗര്‍, ചിത്രദുര്‍ഗ എന്നിവിടങ്ങളില്‍ ഈ സമുദായത്തിന് മുന്‍തൂക്കമുണ്ട്. ഇവരില്‍ ഭൂരിപക്ഷവും ജനതാദളുമായി ബന്ധപ്പെട്ട് നില്ക്കുന്നു. കര്‍ണാടകത്തിലെ 140 സീറ്റുകളിലും ലിംഗായത്ത്, വൊക്കലിംഗ സമുദായങ്ങള്‍ക്ക് ശക്തമായ സ്വാധീനമുണ്ട്. 31 സീറ്റുകളിലായി 224 നിയമസഭാ സീറ്റുകളില്‍ 113 സീറ്റുകള്‍ നേടിയാല്‍ തന്നെ ഭരണം ഉറപ്പാക്കാനാകുമായിരുന്നു. എന്നാല്‍ കോണ്‍ഗ്രസിന്റെ ചിട്ടയായ പ്രവര്‍ത്തനങ്ങളില്‍ ബിജെപിയ്ക്ക് അടിപതറിപ്പോകുകയായിരുന്നു.






