
കോന്നി: നാടിറങ്ങുന്ന കാട്ടാനകള്‍ മലയോര നിവാസികളുടെ ഉറക്കം കെടുത്തുന്നു. ഒറ്റ തിരിഞ്ഞും കൂട്ടത്തോടെയും എത്തുന്ന ആന ജനങ്ങളുടെ ജീവനും സ്വത്തിനും ഒരു പോലെ ഭീഷണിയായിട്ടും അധികൃതരുടെ ഭാഗത്തുനിന്നും യാതൊരുവിധ പ്രതിരോധ നടപടികളും ഉണ്ടായിട്ടില്ലെന്ന് നാട്ടുകാര്‍ പറയുന്നു. രാത്രിയില്‍ എത്തുന്ന ആനകള്‍ പ്രദേശവാസികളുടെ കാര്‍ഷിക വിളകള്‍ വ്യാപകമായി നശിപ്പിക്കുന്നുണ്ട്. കോന്നി വനമേഖലയോട് ചേര്‍ന്നുള്ള ഭാഗങ്ങള്‍, മണ്ണീറ, അതിരുങ്കല്‍, ചിറ്റാര്‍, സീതത്തോട്, ആങ്ങമൂഴി ഭാഗങ്ങളിലാണ് കാട്ടാനശല്യം രൂക്ഷമായിരിക്കുന്നത്.
ഏത്തവാഴ, കാച്ചില്, ചേമ്പ്, ചേന, പാവല്‍, പടവലം, മത്ത, വെള്ളരി, കപ്പ എന്നിവയാണ് വ്യാപകമായി നശിപ്പിക്കപ്പെടുന്നത്. ഇതിന് പുറമെ തെങ്ങ്, കമുക്, കുരുമുളക് കൃഷി എന്നിവയും കുത്തി മറിക്കുന്നുണ്ട്. മലയോര മേഖലയായ മണ്ണീറ പ്രധാന ഉപജീവന മാര്‍ഗം കൃഷിയാണ്. ഇത് വ്യാപകമായി നശിപ്പിക്കപ്പെടുന്നതോടെ ജീവിതം വഴിമുട്ടുന്ന അവസ്ഥയിലാണ് പ്രദേശവാസികള്‍. റബറിന് വിലിയിടിവും നേരിടുന്ന സാഹചര്യത്തില്‍ എന്ത് ചെയ്യണമെന്ന് അറിയാതെ പകച്ചു നില്‍ക്കുകയാണ് ജനങ്ങള്‍.
വിളഞ്ഞു പാകമായി നില്ക്കുന്ന ചക്കകള്‍ തിന്നാനാണ് ആനകള്‍ ഇപ്പോള്‍ കൂട്ടത്തോടെ നാടിറങ്ങുന്നത്. പഴുത്ത ചക്കക്കും പ്രിയം ഏറെയാണ്. താഴ്ന്ന ഭാഗത്ത് നിന്ന ചക്കകള്‍ തീര്‍ന്നതോടെ പ്ലാവുകള്‍ക്ക് നേരെയും ആനകള്‍ ആക്രമണം നടത്തുന്നുണ്ട്. പല പ്ലാവുകളും കുത്തിമറിക്കാന്‍ ശ്രമിച്ച നിലയിലാണ്. പ്രതിരോധത്തിന് ശ്രമിക്കുന്ന നാട്ടുകാര്‍ക്ക് നേരെയും ഇവ ആക്രമണത്തിന് മുതിരുന്നു. തീ കത്തിച്ചും പടക്കം പൊട്ടിച്ചും ആനകളെ തുരത്താന്‍ ശ്രമിക്കുന്നുണ്ടെങ്കിലും വ്യാപകമായി കൃഷി നശിപ്പിച്ച ശേഷമാണ് ഇവ മടങ്ങി പോകുന്നത്. പ്രദേശവാസികള്‍ക്ക് നേരെയും ആക്രമണത്തിന് മുതിരുന്നുണ്ട്.
ഇത് സംബന്ധിച്ച് വനപാലകരോട് പരാതികള്‍ പറഞ്ഞ് മടുത്തതായും ഇവിടേക്ക് അധികൃതര്‍ തിരിഞ്ഞു നോക്കാറില്ലെന്നും നാട്ടുകാര്‍ പറയുന്നു. തുച്ഛമായ തുക മാത്രമാണ് നഷ്ടപരിഹാരമായി ലഭിക്കുന്നത്. പരാതികളുമായി കയറിയിറങ്ങുമ്പോള്‍ ചെലവാകുന്ന തുക പോലും നഷ്ടപരിഹാരമായി ലഭിക്കാതായതോടെ മിക്കവരും പ്രതിസന്ധിയിലാണ്. നാട്ടില്‍ ഇറങ്ങി കൃഷിനാശം വരുത്തുകയും ഭീകരത സൃഷ്ടിക്കുകയും ചെയ്യുന്ന ആനകള്‍ ഉള്‍പ്പെടെയുള്ള വനൃമൃഗങ്ങളെ തുരത്താന്‍ വനപാലകര്‍ അടിയന്തിര നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.






