
ന്യൂഡല്‍ഹി: ടാറ്റ സ്റ്റീല്‍ കമ്പനിയിലും അഴിച്ചുപണി. കമ്പനിയുടെ സ്വതന്ത്ര ഡയറക്ടര്‍ സ്ഥാനത്തുനിന്ന് നസ്ലി വാഡിയയെ മാറ്റി. ബുധനാഴ്ച ചേര്‍ന്ന പൊതുയോഗത്തിലാണ് തീരുമാനം. യോഗത്തില്‍ പങ്കെടുത്ത ഓഹരി ഉടമകളില്‍ 90.8% പേരും വാഡിയയുടെ പുറത്താക്കലിനെ അനുകൂലിച്ച് വോട്ട് ചെയ്തിരുന്നു. 37 വര്‍ഷമായി കമ്പനിയുടെ സ്വതന്ത്ര ഡയറക്ടര്‍ ആയി പ്രവര്‍ത്തിച്ചുവരികയായിരുന്നു വാഡിയ.
ടാറ്റയുടെ മൂന്ന് കമ്പനികളുടെ ബോര്‍ഡ് സ്ഥാനത്തുനിന്ന് കഴിഞ്ഞ ദിവസം വാഡിയയെ നീക്കിയിരുന്നു. ഇതു ചോദ്യം ചെയ്ത് വാഡിയ കോടതിയെ സമീപിക്കുകയും രത്തന്‍ ടാറ്റ, ടാറ്റ സണ്‍സ്, ഡയറക്ടര്‍മാര്‍ എന്നിവര്‍ക്കെതിരെ 3000 കോടി രൂപയുടെ മാനനഷ്ടക്കേസും ഫയല്‍ ചെയ്തിരുന്നു.
കമ്പനിയില്‍ നിന്ന് പുറത്താക്കിയ ചെയര്മാന് സൈറസ് മിസ്ത്രിയുമായി വാഡിയ കൂടിയാലോചന നടത്തുന്നുവെന്നും സ്വതന്ത്ര ഡയക്ടര്‍ എന്ന പദവി ദുരുപയോഗം ചെയ്ത് കമ്പനി പിളര്‍ത്താന്‍ ശ്രമിച്ചുവെന്നും ആരോപിച്ചാണ് പുറത്താക്കിയത്. കമ്പനിയുടെ താല്പര്യത്തിന് വിരുദ്ധവും തികച്ചും അടിസ്ഥാന രഹിതവും കഴമ്പില്ലാത്തതുമായ പ്രസ്താവനകള്‍ നടത്തിയെന്നും വാഡിയക്കെതിരെ ആരോപണം ഉയര്‍ന്നിരുന്നു.






