
പത്തനംതിട്ട: ആഞ്ഞിലിത്താനം കവിയൂരില്‍ കപ്പകൃഷിയ്ക്കിടയില് നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. പോലീസ് എത്തി കുഞ്ഞിനെ ആശുപത്രിയിലേക്ക് മാറ്റി. ആരാണ് കുഞ്ഞിനെ കപ്പക്കാലയില്‍ കൊണ്ടിട്ടതെന്ന് വ്യക്തമല്ല. സംഭവത്തില്‍ പോലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.
മരച്ചീനി കൃഷി ചെയ്യുന്ന പറമ്പില്‍ നിന്നും പുലര്‍ച്ചെ കരച്ചില് കേട്ട് എത്തിയ അയല്‍വാസികളാണ് കുട്ടിയെ കണ്ടെത്തിയത്. എത്തി നോക്കിയപ്പോള്‍ ഉപേക്ഷിച്ച നിലയിലുള്ള കുഞ്ഞിനെ കണ്ടെത്തുകയായിരുന്നു. ഉടന്‍ തന്നെ ഇവര്‍ തിരുവല്ല പോലീസിനെ വിവരം അറിയിക്കുകയും പോലീസ് കുട്ടിയെ തിരുവല്ലയിലെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയുമായിരുന്നു. ജനിച്ചിട്ട് മണിക്കൂറുകള്‍ മാത്രമേ ആയിട്ടുള്ളൂ എന്നാണ് ആരോഗ്യവിദഗ്ദ്ധര്‍ പറഞ്ഞത്.
കുഞ്ഞിന് കാര്യമായ ആരോഗ്യപ്രശ്നങ്ങള്‍ ഇല്ലെന്നാണ് ആരോഗ്യവിദഗ്ദ്ധര്‍ പറയുന്നത്. ജനിച്ച ഉടന്‍ കുഞ്ഞിന് മുലപ്പാലും നല്‍കിയിട്ടുണ്ട്. രണ്ടരകിലോ തൂക്കമുള്ള കുഞ്ഞിന്റെ ആരോഗ്യനില തൃപ്തികരമാണ്. തിരുവല്ലയിലെ തണല്‍ കുഞ്ഞിന്റെ സംരക്ഷണം ഏറ്റെടുത്തിട്ടുണ്ട്. ആരാണ് ഈ ക്രൂരത ചെയ്തതെന്ന് വ്യക്തമായിട്ടില്ല. കുട്ടിയുടെ മാതാപിതാക്കളെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്. അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.






