
ന്യൂഡല്‍ഹി: രാജ്യത്തെ ഗുസ്തിതാരങ്ങള്‍ ഗുസ്തി ഫെഡറേഷനും തലവനും എതിരേ ജന്തര്‍മന്ദറില്‍ വലിയ പ്രതിഷേധം നടത്തുമ്പോള്‍ ശക്തിപ്രകടനം കൊണ്ട് അതിനെ നേരിടാന്‍ ബ്രിജ്ഭൂഷണ് ശരണ്‍ സിംഗ്. അയോദ്ധ്യയില്‍ ജൂണ്‍ 5 ന് പടുകൂറ്റന്‍ റാലി നടത്തി തന്റെ ശക്തി തെളിയിക്കാനാണ് ബ്രിജ്ഭൂഷന്റെ ശ്രമം. എന്നാല്‍ അയോദ്ധ്യയിലെ ബിജെപി റാലിയോട് അനുകൂല നിലപാട് എടുത്തിട്ടില്ല.
ജന്‍ ചേതനാ മഹാറാലി എന്ന പേരില്‍ രാം കഥാ പാര്‍ക്കില്‍ ശക്തിപ്രകടനത്തിനായുള്ള ഒരുക്കങ്ങളാണ് ബ്രിജ്ഭൂഷണ് നടത്തുന്നത്. വിവിധ സംസ്ഥാനങ്ങളിലെ സന്യാസിമാര്‍, സാമൂഹ്യസേവകര്‍, വിദ്യാഭ്യാസ, നിയമ വിദഗ്ദ്ധര്‍ എന്നിവരെയെല്ലാം റാലിയിലേക്ക് ബ്രിജ്ഭൂഷന് വിളിച്ചിട്ടുണ്ട്. ഡല്‍ഹി പോലീസ് ബ്രിജ്ഭൂഷനെതിരേ രണ്ടു കേസുകള്‍ റജിസ്റ്റര്‍ ചെയ്തിരിക്കുന്ന സാഹചര്യത്തലാണ് റാലിയുമായി ബ്രിജ്ഭൂഷന് മൂമ്പോട്ട് നീങ്ങുന്നത്.
കേസ് എടുത്തപ്പോള്‍ തന്നെ രാഷ്ട്രീയ പരിപാടികളില്‍ നിന്നും സിംഗ് അകന്നു നില്ക്കാന് തുടങ്ങിയിരുന്നു. എന്നാല്‍ യുപിയിലെ വിവിധ ജില്ലകളിലൂടെ ടൂറിലായിരുന്നു ഈ സമയത്ത്. യുപിയിലെ അവാധ് മേഖല, ഗോണ്ട, അയോദ്ധ്യ, ബാഹ്റിച്ച്, ബസ്തി എന്നിവിടങ്ങളിലെല്ലാം സഞ്ചരിച്ച് അയോദ്ധ്യയില്‍ നടത്താന്‍ പോകുന്ന റാലിയിലേക്ക് ആള്‍ക്കാരെ ക്ഷണിച്ചുകൊണ്ടിരിക്കുകയായിരുന്നു.
അതേസമയം ബ്രിഡ്ഭൂഷന്റെ നീക്കത്തെ അയോദ്ധ്യയിലെ ബിജെപി തള്ളിയിട്ടുണ്ട്. ബിജെപി പരിപാടിയില്‍ പങ്കെടുക്കുന്നില്ലെന്നും കേന്ദ്രം ഇതുവരെ പരിപാടിയില്‍ പങ്കെടുക്കാന്‍ നിര്‍ദേശം നല്‍കിയിട്ടില്ലെന്നും ബിജെപി അയോദ്ധ്യ ജില്ലാ പ്രസിഡന്റ് സഞ്ജീവ് സിംഗ് പറയുന്നു. ബ്രിജ്ഭൂഷന് സിംഗ് സ്വന്തം നിലയ്ക്കാണ് റാലി നടത്തുന്നതെന്നും അതില്‍ പാര്ട്ടിക്കാര് പങ്കെടുക്കേണ്ട കാര്യമില്ലെന്നും പറയുന്നു.
അതേസമയം ബ്രിജ്ഭൂഷനെതിരേ ബിജെപിയും ഇതുവരെ ഒരു നിലപാടും എടുത്തിട്ടില്ല. ഒരു കാരണം കാണിക്കല്‍ നോട്ടീസ് പോലും ബ്രിജേഷിന് നല്‍കിയിട്ടില്ല. അതേസമയം മെയ് 30 ന് മോഡി സര്‍ക്കാര്‍ ഒമ്പത് വര്‍ഷം പൂര്‍ത്തിയാക്കുന്നതുമായി ബന്ധപ്പെട്ട് നടക്കുന്ന പാര്‍ട്ടിയുടെ മഹാസമ്പര്‍ക്ക് അഭിയാന് പരിപാടിയ്ക്ക് വേണ്ടി ലക്നൗവില്‍ നടന്ന ബിജെപി ആവാധ് യൂണിറ്റിന്റെ കമ്മറ്റിയില്‍ ബ്രിജേഷ് പങ്കെടുത്തു.
ബ്രിജേഷ് ശരണ്‍ സിംഗിന്റെ റാലിയില്‍ പാര്‍ട്ടിക്കുള്ളില്‍ തന്നെ അനേകം ബിജെപി പ്രതിനിധികള്‍ക്ക് അതൃപ്തിയുണ്ടെന്നാണ് അറിവ്. അതിനിടയില്‍ 2024 ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ തന്റെ സീറ്റ് ഉറപ്പിക്കാനുള്ള ശ്രമങ്ങളും ബ്രിജേഷ് തുടങ്ങിയിരിക്കുകയാണ്. പ്രതിച്ഛായ നഷ്ടപ്പെട്ടിരിക്കുന്ന സമയത്ത് സന്യാസി സമൂഹത്തിന്റെയും ജനങ്ങളുടെയും പിന്തുണ ഉറപ്പാക്കാനാണ് ബ്രിജേഷ് സിംഗ് ഈ രീതിയിലുള്ള പരിപാടികളുമായി വരുന്നതെന്നാണ് വിലയിരുത്തല്‍.






