
തിരുവനന്തപുരം: ഉത്തര്‍പ്രദേശില്‍ നിന്നും രാഹുല്‍ഗാന്ധിയെ താന്‍ വയനാട്ടിലേക്ക് ഓടിച്ചെന്ന് കേന്ദ്രമന്ത്രി സ്മൃതി ഇറാനി. അദ്ദേഹത്തെ നിങ്ങള്‍ വയനാട്ടില്‍ നിലനിര്‍ത്തിയാല്‍ അമേഠിയുടെ സ്ഥിതി വയനാടിനുണ്ടാകുമെന്നും അതുകൊണ്ട് ഇവിടെയും അദ്ദേഹത്തെ നിര്‍ത്തരുതെന്നും പറഞ്ഞു.
അദ്ദേഹം അമേഠിയില്‍ എംപി ആയിരുന്നപ്പോള്‍ 80 ശതമാനം ജനങ്ങള്‍ക്കും വൈദ്യുതി ഇല്ലായിരുന്നു. ഫയര്സ്റ്റേഷന്, മെഡിക്കല്‍ കോളേജ്, കേന്ദ്രീയ വിദ്യാലയം ഒന്നുമില്ലായിരുന്നു. അദ്ദേഹം അവിടെ നിന്നും ഓടിയപ്പോള്‍ അവിടെ ഇതെല്ലാം വന്നു. രാഹുല്‍ വയനാട്ടില്‍ നിന്നാല്‍ അമേഠിയുടെ അതേ വിധി വയനാടിനും ഉണ്ടാകും. അതുകൊണ്ട് അദ്ദേഹത്തെ ഇവിടെനിന്നും നിങ്ങള്‍ ഓടിക്കണമെന്നും സ്മൃതി പറഞ്ഞു. കഴിഞ്ഞ ദിവസം നടത്തിയ കേരളാസന്ദര്ശനത്തിനിടയില് പ്രസംഗിക്കുയായിരുന്നു.
അതേസമയം രാഹുല്‍ഗാന്ധി ഒരു ട്രക്കില്‍ യാത്ര നടത്തുന്നതിന്റെ വീഡിയോ ഇട്ടാണ് കോണ്‍ഗ്രസ് ഇതിന് മറുപടി നല്‍കിയിരിക്കുന്നത്. ജനങ്ങളെ കാണാനായി എല്ലാ വഴികളിലൂടെയും സഞ്ചരിച്ചുകൊണ്ടിരിക്കുന്ന രാഹുല്‍ ട്രക്ക് ഡ്രൈവര്‍മാരുടെ ദുരിതം മനസ്സിലാക്കുന്നതിന് ട്രക്കില്‍ യാത്ര നടത്തിയതെന്നാണ് കോണ്‍ഗ്രസ് അവകാശപ്പെടുന്നത്. ട്രക്ക് യാത്രയ്ക്ക് അവര്‍ സാമൂഹ്യമാധ്യമങ്ങളില്‍ വലിയ പ്രചാരണവും നല്കി.
സംഭവത്തിന്റെ വീഡിയോ നല്കിയ ശേഷം ട്രക്ക് ഡ്രൈവര്‍മാരുടെ പ്രശ്നങ്ങള്‍ അറിയാന്‍ രാഹുല്‍ അവര്‍ക്കൊപ്പം യാത്ര ചെയ്യുന്നു എന്ന തലക്കെട്ടോടു കൂടിയാണ് വീഡിയോ നല്‍കിയിരിക്കുന്നത്. ഡല്ഹിയഇല് നിന്നും ചണ്ഡീഗഡിലേക്കായിരുന്നു രാഹുല്‍ യാത്ര നടത്തിയത്.
ലോറിയില്‍ രാഹുല്‍ ഇരിക്കുന്നതും ലോറി ഡ്രൈവര്‍ അവരുടെ വിഷയങ്ങള്‍ രാഹുലിനോട് പറയുന്നതുമാണ് വീഡിയോയിലുള്ളത്. രാഹുല്‍ ട്രക്കില്‍ വലിഞ്ഞു കയറുന്നതിന്റെ വീഡിയോ പാര്‍ട്ടി ട്വിറ്ററില്‍ പോസ്റ്റ് ചെയ്തിരുന്നു. സമാന്തരമായി സഞ്ചരിച്ച ഒരു ട്രക്കില്‍ നിന്നുമാണ് വീഡിയോ ചിത്രീകരിച്ചിരിക്കുന്നത്. ഇന്ത്യന്‍ നിരത്തുകളില്‍ 90 ലക്ഷം ട്രക്ക് ഡ്രൈവര്‍മാരാണ് ഉള്ളത്. രാഹുല്‍ അവരുടെ പ്രശ്നങ്ങള്‍ അറിയുന്നതിന് അവരുമായി നേരിട്ട് മന് കീ ബാത്ത് നടത്തുന്നു എന്നായിരുന്നു കുറിപ്പ്.






