
അരിക്കൊമ്പന്റെ പേരില്‍ വാട്ട്സാപ്പ് ഗ്രൂപ്പ് രൂപീകരിച്ച് പണം പിരിച്ചെന്ന പരാതിയില്‍ സ്റ്റേറ്റ് സ്പെഷ്യല്‍ ബ്രാഞ്ച് അന്വേഷണം തുടങ്ങി. അരിക്കൊമ്പന് അരി വാങ്ങി നല്‍കാനെന്നും ആനയെ ചിന്നക്കനാലിലേക്ക് തിരികെയെത്തിക്കാനുള്ള നിയമനടപടികള്ക്കെന്നും പറഞ്ഞാണ് പണപ്പിരിവ് നടന്നത്.ഡിജിപിയ്ക്ക് അഭിഭാഷകനും പൊതുപ്രവര്‍ത്തകനുമായ ശ്രീജിത്ത് പെരുമന നല്കിയ പരാതിയിലാണ് അന്വേഷണം.
എന്നും അരിക്കൊമ്പനൊപ്പം എന്ന പേരില്‍ ഏപ്രില്‍ 30 നാണ് വാട്ട്സാപ്പ് ഗ്രൂപ്പ് രൂപീകരിച്ചത്. എറണാകുളം സ്വദേശികളാണ് ഗ്രൂപ്പ് അഡ്മിനുകള്‍. ഇവര്‍ പിന്നീട് സംസ്ഥാനത്തുടനീളമുള്ള മൃഗസ്നേഹികളെ ഗ്രൂപ്പിന്റെ ഭാഗമാക്കി. അരിക്കൊമ്പനെ ചിന്നക്കനാലില്‍ തിരികെ കൊണ്ടുവരുന്നതിന് സുപ്രീംകോടതിയില്‍ കേസ് നടത്താനെന്ന പേരിലും അരി എത്തിച്ച് നല്‍കാമെന്നും പറഞ്ഞാണ് പണപ്പിരിവ് നടത്തിയത്. ഇതിനോടകം പ്രവാസികളില്‍ നിന്നുള്‍പ്പെടെ 8 ലക്ഷത്തോളം രൂപ പിരിച്ചുവെന്നാണ് പരാതി. പൊതുപ്രവര്‍ത്തകനായ ശ്രീജിത്ത് പെരുമനയെ ഗ്രൂപ്പ് അംഗങ്ങളായ ചിലരാണ് വിവരം അറിയിച്ചത്.
അന്വേഷണം ആരംഭിച്ച സ്റ്റേറ്റ് സ്പെഷല്‍ ബ്രാഞ്ച് വാട്ട്സാപ്പ് ഗ്രൂപ്പുകള്‍ നിരീക്ഷിക്കുന്നുണ്ട്. അതിനിടെ തങ്ങള്‍ക്ക് നേരെ നടക്കുന്നത് വ്യാജ ആരോപണങ്ങളാണെന്ന് ഉന്നയിച്ച് ഗ്രൂപ്പ് അഡ്മിന് എറണാകുളം സൗത്ത് പൊലീസ് സ്റ്റേഷനില്‍ പരാതി നല്കി. അരിക്കൊമ്പന് വേണ്ടി പണം പിരിച്ചിട്ടില്ലെന്നും കെയര്‍ ആന്റ് കണ്‍സേര്‍ണ്‍ ഫോര്‍ ആനിമല്‍സ് എന്ന പേരില്‍ ട്രസ്റ്റ് രൂപീകരിക്കാനാണ് ശ്രമമെന്നും ഗ്രൂപ്പ് അഡ്മിന് വിശദമാക്കി.






