
ഒറ്റ ദിവസം കൊണ്ട് താരമായി മാറിയ ആളാണ് പ്രിയ പ്രകാശ് വാര്യര്‍. വിങ്ക് ഗേള്‍ എന്നാണ് ഒരു അഡാര്‍ ലവ്വിലെ പാട്ടിറങ്ങിയ സമയത്ത് പ്രിയ വാര്യരെ പ്രമുഖ മാധ്യമങ്ങള്‍ പോലും വിശേഷിപ്പിച്ചത്. പ്രിയയുടെ ട്രേഡ് മാര്‍ക്കായി ആ കണ്ണിറുക്കല്‍ മാറി. ഇനിയെത്ര കഥാപാത്രങ്ങള്‍ ചെയ്താലും പ്രിയ വാര്യര്‍ പ്രേക്ഷകര്‍ക്കിടയില്‍ അറിയുന്നത് ‘അഡാര്‍ ലവ്വി’ലെ നായികയെന്നാണ്. ഗ്ലാമര്‍ ചിത്രങ്ങളിലൂടെ ശ്രദ്ധിക്കപ്പെടുന്ന പ്രിയ വാര്യര്‍ ഇപ്പോള്‍ നല്ല കാമ്പുള്ള കഥാപാത്രങ്ങള്‍ ചെയ്ത് തന്റെ സിനിമാ ജീവിതം കൂടുതല്‍ മെച്ചപ്പെടുത്താനുള്ള ശ്രമത്തിലാണ്. അതിന്റെ ഫലമായിരുന്നു കഴിഞ്ഞ വര്‍ഷം പ്രേക്ഷകരിലേക്ക് എത്തിയ പ്രിയയുടെ ഫോര്‍ ഇയേഴ്സ് എന്ന സിനിമ. ഇപ്പോഴിതാ ലൈവ് എന്ന വി.കെ പ്രകാശ് ചിത്രത്തിലൂടെ വീണ്ടും പ്രേക്ഷകരെ അതിശയിപ്പിക്കാൻ ഒരുങ്ങുകയാണ് താരം. ഇതുവരെയുള്ള മോഡേണ്‍ ഗേള്‍ ലുക്കൊക്കെ മാറ്റി തനി നാട്ടിൻ പുറത്തുകാരിയായാണ് ലൈവില്‍ പ്രിയ എത്താൻ പോകുന്നത്. സിനിമയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട് ഒരു ഓണ്‍ലൈന്‍ മീഡിയയ്ക്ക് കൊടുത്ത അഭിമുഖത്തില്‍ പ്രിയ പങ്കുവച്ച കാര്യങ്ങളാണിപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെടുന്നത്. സോഷ്യല്‍ മീഡിയയെക്കുറിച്ചും അതിന്റെ കാഴ്ചക്കാരെക്കുറിച്ചുമാണ് താരം പങ്കിടുന്നത്. ‘‘നമ്മുടെ ലൈഫിനെ യൂസ് ചെയ്യാന്‍ നാം പബ്ലിക് പ്രോപ്പര്‍ട്ടിയല്ല. പിന്നെ ഇതില്‍ മീഡിയയെ മാത്രം കുറ്റം പറഞ്ഞിട്ട് കാര്യമില്ല. കാരണം ഇത് കാണുന്ന വ്യൂവേഴ്സിനും വേണ്ടത് അത്തരത്തിലുള്ള വാര്‍ത്തകളാണ്. അവര്‍ക്ക് കൂടുതല്‍ അറിയേണ്ടതും സെലിബ്രിറ്റികളുടെ സ്വകാര്യ ജീവിതത്തില്‍ എന്താണ് സംഭവിക്കുന്നത് എന്നാണ്. ഇപ്പോള്‍ ഈ അഭിമുഖത്തില്‍ വച്ച് ഞാനെന്റെ വര്‍ക്കിനെക്കുറിച്ചും പുതിയ പ്രൊജക്ടുകളെക്കുറിച്ചുമാണ് സംസാരിക്കുന്നതെന്ന് വിചാരിക്കുക. അതല്ല ഞാനെന്റെ ലവ ലൈഫിനെക്കുറിച്ചോ, എനിക്കൊരു ബോയ്ഫ്രണ്ടിനെക്കുറിച്ചോ ആണ് സംസാരിക്കുക എന്ന് വിചാരിക്കുക. ഏതിനായിരിക്കും കൂടുതല്‍ കാഴ്ച്ചക്കാരുണ്ടാവുക. അതു തന്നെയാണ് കാര്യം. മീഡിയ കൊടുക്കുന്നത് വ്യൂവേഴ്സ് ഇഷ്ടപ്പെടുന്ന കാര്യങ്ങളാണ്...’’ പ്രിയ പറയുന്നു.
‘അഡാര്‍ ലവ്വി’നെക്കുറിച്ചും താരം സംസാരിക്കുന്നുണ്ട്. ഒമര്‍ ലുലുവിനെ കുറിച്ച് കൂടുതല്‍ സംസാരിക്കുന്നതിനും പ്രിയ താല്പര്യം പ്രകടിപ്പിച്ചില്ല. ബിഗ് ബോസില്‍ ഒമര്‍ പങ്കെടുത്തത് അറിഞ്ഞിരുന്നുവോയെന്ന് ചോദിച്ചപ്പോള്‍ ബിഗ് ബോസ് കാണാറില്ലെന്നാണ് പ്രിയ വാര്യര്‍ പറഞ്ഞത്. വരുന്നത് മൂന്ന് സിനിമകളാണെങ്കില്‍ അവയില്‍ നല്ലത് നോക്കി ചെയ്യുക എന്നത് മാത്രമാണ് താൻ ചെയ്യുന്നതെന്നും ലൈവില്‍ അഭിനയിക്കാൻ പോയപ്പോള്‍ വിശ്വാസം മുഴുവൻ സംവിധായകൻ വി.കെ പ്രകാശിലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞ് തരുന്നതിന് അനുസരിച്ച് ചെയ്ത് കൊടുക്കുകയാണ് ചെയ്തതെന്നും പ്രിയ വ്യക്തമാക്കി. അധികം ടേക്ക് എടുക്കാതെ ഒറ്റ ടേക്കില്‍ ഓക്കെയാക്കി കൊടുക്കാൻ ശ്രമിക്കാറുണ്ടെന്നും ഇൻ ഹൗസ് ആര്‍ട്ടിസ്റ്റെന്ന് പറഞ്ഞ് വി.കെ.പി സാര്‍ തന്നെ കളിയാക്കാറുണ്ടെന്നും താരം പറഞ്ഞു. മംമ്ത മോഹൻദാസിനൊപ്പം പ്രിയ വാര്യര്‍ ആദ്യമായി ചെയ്യുന്ന സിനിമ കൂടിയാണ് ലൈവ്. ഷൈൻ ടോം ചാക്കോ തുടങ്ങിയവരും സിനിമയില്‍ അഭിനയിച്ചിട്ടുണ്ട്. സോഷ്യല്‍ ത്രില്ലറാണ് വി.കെ പ്രകാശിന്റെ ലൈവ്. മേക്കപ്പ്, ഹെയര്‍ കളര്‍, ടാറ്റൂസ് എന്നിവയെല്ലാം പൂര്‍ണമായി ഒഴിവാക്കിയിട്ടുണ്ടെന്നും ലൈവിലെ കഥാപാത്രത്തിന് വേണ്ടി ഏറ്റവും കൂടുതല്‍ ശ്രദ്ധ കൊടുത്തത് ലുക്കിലാണെന്നും പ്രിയ വാര്യര്‍ പറഞ്ഞു.






