
ലണ്ടന്‍: നിര്‍ണ്ണായക മത്സരത്തില്‍ ചെല്‍സിയെ വീഴ്ത്തി മാഞ്ചസ്റ്റര്‍ യൂണൈറ്റഡ് യുവേഫാ ചാംപ്യന്സ്ലീഗിന് യോഗ്യത നേടി. പ്രീമിയര്‍ ലീഗ് പോരാട്ടം അവസാന ഘട്ടത്തിലേക്ക് എത്തുമ്പോള്‍ 4-1 ന് ചെല്‍സിയെ തോല്‍പ്പിച്ച മാഞ്ചസ്റ്റര്‍ ലീഗ് പട്ടികയില്‍ മൂന്നാം സ്ഥാനത്തേക്കാണ് ഉയര്‍ന്നത്.
37 മത്സരം പൂര്‍ത്തിയാക്കിയ അവര്‍ 72 പോയിന്റുകളുമായി ആഴ്സണലിന്റെ പിന്നിലെത്തി. നേരത്തേ ന്യൂകാസില്‍ യുണൈറ്റഡാണ് യോഗ്യത ഉറപ്പാക്കിയ നാലാമത്തെ ടീം. കാസിമിറോ, ആന്റണി മാര്‍ഷ്യല്‍, ബ്രൂണോ ഫെര്‍ണാണ്ടസ്, റാഷ്ഫോര്‍ഡ് എന്നിവര്‍ മാഞ്ചസ്റ്ററിനായി സ്കോര്‍ ചെയ്തു. ചെല്‍സിയുടെ ഏകഗോള്‍ പോര്‍ച്ചുഗീസ് താരം ജാവോ ഫെലിക്സിന്റേതായിരുന്നു.
കളിയുടെ ആറാം മിനിറ്റില്‍ തന്നെ മാഞ്ചസ്റ്റര്‍ ഗോള്‍ നേടിയിരുന്നു. കാസിമിറോ ആയിരുന്നു സ്കോറര്‍. പിന്നാലെ ജോര്‍ദാന്‍ സാഞ്ചോയുടെ പാസ് സ്വീകരിച്ച് ആന്റണി മാര്‍ഷ്യല്‍ ആദ്യപകുതിയുടെ ഇഞ്ചുറി സമയത്ത് ഗോള്‍ നേടി.
രണ്ടാം പകുതിയില്‍ ഫൊഫാന മാര്‍ക്കസ് റാഷ്ഫോര്‍ഡിനെ ഫൗള്‍ ചെയ്തതിന് കിട്ടിയ പെനാല്‍റ്റി ബ്രൂണോ ഫെര്‍ണാണ്ടസ് വലയിലാക്കി. അഞ്ചു മിനിറ്റ് കഴിഞ്ഞപ്പോള്‍ തന്നെ റാഷ്ഫോര്‍ഡിന്റെ ഗോളും വന്നു. പട്ടികയില്‍ 12 ാം സ്ഥാനത്താണ് ചെല്‍സി നില്‍ക്കുന്നത്.






