
കോട്ടയം: മണ്‍സൂണ്‍ ആരംഭത്തിനൊപ്പം പടിഞ്ഞാറന്‍ പ്രദേശങ്ങളില്‍ ആഘോഷമാക്കുന്ന ഊത്തപിടുത്തം വേണ്ടെന്നു ഫിഷറീസ്വകുപ്പ്. ശുദ്ധജല മത്സ്യങ്ങളുടെ വംശനാശത്തിന് ഇടയാക്കുന്ന ഊത്തപിടുത്തം നിയമവിരുദ്ധ മത്സ്യ ബന്ധന രീതിയാണെന്നും ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ ബെന്നി വില്ല്യം പറഞ്ഞു. മത്സ്യം കൂട്ടത്തോടെ വരുന്നതിനാല്‍ ഊത്തയേറ്റത്തിന്റെ സമയത്ത് മീന്‍ പിടിക്കല്‍ എളുപ്പമാണ്.
തെക്കു-പടിഞ്ഞാറന്‍ കാലവര്‍ഷത്തിന്റെ തുടക്കത്തില്‍ മത്സ്യങ്ങള്‍ പുഴകളില്‍നിന്നും മറ്റു ജലാശയങ്ങളില്‍നിന്നും വയലുകളിലേക്കും ചെറുതോടുകളിലേക്കും ചതുപ്പുകളിലേക്കും കനാലുകളിലേക്കും കൂട്ടത്തോടെ കയറി വരുന്ന ദേശാന്തരഗമന പ്രതിഭാസമാണ് ഊത്ത എന്നറിയപ്പെടുന്നത്. വയറുനിറയെ മുട്ടകളുമായി പ്രജനനത്തിനായി കൂട്ടത്തോടെ ഒഴുക്കിനെതിരേ പുതുവെള്ളത്തിലേക്ക് നീന്തിവരുന്ന മത്സ്യങ്ങളാണിവ.
ഇവയെ പിടികൂടി ഭക്ഷ്യയോഗ്യമായവയെ ഉപയോഗിക്കുകയും അല്ലാത്തവയെ നശിപ്പിക്കുകയും ചെയ്യുന്ന ഊത്തപിടുത്തത്തിലൂടെ മത്സ്യവംശം ഇല്ലാതാകമെന്ന് അദ്ദേഹം പറയുന്നു. പരല്‍, വരാല്, കൂരി, കുറുവ, ആരല്‍, മുഷി, പല്ലന് കുറുവ, മഞ്ഞക്കൂരി, കോലന്‍, പള്ളത്തി, മനഞ്ഞില് എന്നിവയാണ് ഊത്തയ്ക്ക് കൂടുതലായും കണ്ടുവരുന്നത്. ഊത്തപിടുത്തത്തിലൂടെ ഇവയുടെ കൂട്ടക്കൊലയും വംശനാശവുമാണ് സംഭവിക്കുക. ശുദ്ധജലമത്സ്യങ്ങള്‍ വംശനാശ ഭീഷണി നേരിട്ടതോടെയാണ് ഈ സമയത്തെ മീന്‍പിടുത്തം നിയമവിരുദ്ധമായി പ്രഖ്യാപിച്ചത്.
പ്രജനന കാലത്ത് മത്സ്യങ്ങളുടെ സഞ്ചാരവഴികള്‍ക്ക് തടസം വരുത്തി മത്സ്യങ്ങളെ പിടിക്കുന്നതും കൂട്, അടിച്ചില്‍, പത്തായം എന്നീ അനധികൃത ഉപകരണങ്ങള്‍ ഉപയോഗിച്ച് മത്സ്യബന്ധനം നടത്തുന്നതും നിരോധിച്ചിട്ടുണ്ട്. അനധികൃത ഉപകരണങ്ങള്‍ ഉപയോഗിച്ചുള്ള മത്സ്യബന്ധനത്തിനും ഊത്തപിടുത്തത്തിനുമെതിരേ പരിശോധന ശക്തമാക്കിയതായി ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ പറഞ്ഞു. ഉള്‍നാടന്‍ ജലാശയങ്ങളില്‍ നിയമം ലംഘിച്ച് മത്സ്യബന്ധനം നടത്തിയാല്‍ കര്‍ശന നടപടി സ്വീകരിക്കും. നിരോധനം ലംഘിക്കുന്നവര്‍ക്ക് പതിനായിരം രൂപ പിഴയും ആറു മാസം തടവുമാണ് ശിക്ഷ.






