
മിലാന്: നിര്‍ണ്ണായകമായ മത്സരത്തില്‍ യുവന്റസിനെ ഒരു ഗോളിന് വീഴ്ത്തി എ.സി. മിലാന് യുവേഫാ ചാംപ്യന്‍സ് ലീഗില്‍ സീറ്റുറപ്പിച്ചു. ഫ്രഞ്ച് താരം ഒളിവര്‍ ജിറോഡിന്റെ ഏക ഗോളിലായിരുന്നു യുവന്റസിനെ എ.സി. മിലാന് കീഴടക്കിയത്. അതേസമയം ജയിച്ചാലും യുവന്റസിന് യോഗ്യത നേടാനാകുമായിരുന്നില്ല. യുവന്റസിന് ചാംപ്യന്‍സ് ലീഗ് ഉറപ്പാക്കാന്‍ 10 പോയിന്റുകളെങ്കിലും വേണമായിരുന്നു.
കളിയുടെ 40 ാം മിനിറ്റില്‍ ജിറോഡ് ഒരു ഹെഡ്ഡറിലൂടെ ടീമിനെ മുന്നിലെത്തിക്കുകയായിരുന്നു. നേരത്തേ നടന്ന ആദ്യപാദ മത്സരത്തിലും യുവന്റസിനെ മിലാന് മറികടന്നിരുന്നു. ഈ സീസണില്‍ ചാംപ്യന്‍സ് ലീഗില്‍ സെമിയില്‍ അയല്‍ക്കാരായ ഇന്ററിനോട് മിലാന് തോറ്റിരുന്നു. ഇറ്റാലിയന്‍ സീരി എ യില്‍ നാലാമത് എത്താന്‍ കഴിഞ്ഞു. സ്പാനിഷ് ലീഗില്‍ കിരീടം ഉയര്‍ത്തിയ ബാഴ്സിലോണ ജയത്തോടെ ന്യൂകാമ്പില്‍ സീസണ് പൂര്‍ത്തിയാക്കി.
സ്വന്തം മൈതാനത്തെ അവസാന മത്സരത്തില്‍ അവര്‍ മല്ലോര്‍ക്കയെ തോല്‍പ്പിച്ചു. മൂന്ന് ഗോളുകള്‍ക്കായിരുന്നു ബാഴ്സിലോണയുടെ വിജയം. യുവതാരം അന്‍സുഫാറ്റി രണ്ടുഗോളുകള്‍ നേടിയപ്പോള്‍ മൂന്നാം ഗോള്‍ ഗാവി നേടി. മല്ലോര്‍ക്കയുടെ എന്ഡിയായേ ചുവപ്പ് കാര്‍ഡ് കണ്ടതിനാല്‍ 14 ാം മിനിറ്റില്‍ തന്നെ അവര്‍ 10 പേരായി ചുരുങ്ങി. ഈ മത്സരത്തോടെ ബാഴ്സിലോണ അവരുടെ സ്റ്റേഡിയം 2024 നവംബര്‍ വരെ നവീകരണത്തിനായി അടച്ചിടും. അടുത്ത സീസണ് മോണ്ടൂക്കിലെ ഒളിമ്പിക് സ്റ്റേഡിയമാകും ബാഴ്സിലോണയുടെ ഹോം ഗ്രൗണ്ട് ആകുക. 2024-25 സീസണോടെയേ ന്യൂ ക്യാമ്പിലേക്ക് ബാഴ്സിലോണയുടെ മത്സരങ്ങള്‍ തിരിച്ചുവരൂ.
അതുപോലെ തന്നെ ദീര്‍ഘകാലമായി ബാഴ്സയുടെ മദ്ധ്യനിരയിലെ ഊര്‍ജ്ജമായിരുന്ന ജോര്‍ഡി ആല്ബയടേയും സെര്‍ജി ബുസ്ക്കെറ്റ്സിന്റേയും അവസാന മത്സരം കൂടിയായിരുന്നു. ഇരുവരും ഈ സീസണോടെ ക്ലബ്ബ് വിടുകയാണ്. രണ്ടാം പകുതിയില്‍ പരിശീലകന് സാവി രണ്ടുപേരെയും സബ്സ്റ്റിറ്റിയൂട്ട് ചെയ്തപ്പോള്‍ കരഘോഷത്തോടെയാണ് ഇരുവരേയും ന്യൂകാമ്പിലെ കാണികള്‍ യാത്രയയച്ചത്. അടുത്തയാഴ്ച സെല്റ്റാവിഗോയ്ക്കെതിരേയുള്ള മത്സരത്തോടെയാണ് ബാഴ്സിലോണ കളിയവസാനിപ്പിക്കുക.





