
ന്യൂഡല്‍ഹി: ആള്ക്കാര് നോക്കി നില്‍ക്കേ ഡല്‍ഹിയില്‍ 16 കാരിയെ 20 കാരന് കുത്തി മലര്‍ത്തിയത് 34 തവണ. തൊഴിച്ചു വീഴിച്ച ശേഷം വലിയൊരു കോണ്‍ക്രീറ്റ് കട്ടയെടുത്ത് തല തകര്‍ക്കുകയും ചെയ്തു. ഇന്ത്യയെ മുഴുവന്‍ ഞെട്ടിച്ച ഡല്‍ഹി കൊലപാതകത്തില്‍ യുവാവ് കൃത്യം നടത്താന്‍ കാരണമായത് പെണ്‍കുട്ടി അവഗണിക്കാന്‍ തുടങ്ങിയതും മറ്റൊരാളുമായി സൗഹൃദത്തിലായതും.
വടക്കുപടിഞ്ഞാറന്‍ ഡല്‍ഹിയിലെ ഷാബാദ് ഡയറിയില്‍ ഞായറാഴ്ച രാത്രിയിലായിരുന്നു സംഭവം. ഡസണ്‍ കണക്കിന് ആള്ക്കാര് നടന്നുപോകുമ്പോഴാണ് ആക്രമണം നടന്നതെന്ന് സിസിടിവി ദൃശ്യങ്ങള്‍ സൂചന നല്കുന്നു. ആക്രമണം ഒരു മിനിറ്റോളം നീണ്ടു നിന്നു. നഗരത്തിലെ എസി, റഫ്രജിറേറ്റര്‍ മെക്കാനിക്കാണ് പ്രതി സാഹില്‍ഖാന്‍. രണ്ടു ദിവസം മുമ്പ് തുടങ്ങിയ ഇവരുടെ കലഹമാണ് കൊലപാതകത്തില്‍ കലാശിച്ചത്. തന്നില്‍ നിന്നും അകന്നു നില്ക്കാന് സാക്ഷി സാഹിലിനോട് പറഞ്ഞു.
സാക്ഷിയുടെ കൈയ്യില്‍ പ്രവീണ്‍ എന്നെഴുതിയ ടാറ്റൂ കണ്ടതോടെയാണ് സാഹിലിന് മനോനില നഷ്ടമായത്. സാഹിലിന്റെ യഥാര്‍ത്ഥ സ്വഭാവം മനസ്സിലാക്കിയതോടെയാണ് പെണ്‍കുട്ടി അകന്നതെന്നാണ് പോലീസും പറഞ്ഞത്. നേരത്തേ തന്നെ ഖാന് സാക്ഷിയെ കൊല്ലാന്‍ പദ്ധതിയിട്ടിരുന്നതായിട്ടുള്ള വിവരവും കിട്ടിയിട്ടുണ്ടെന്നാണ് പോലീസ് പറയുന്നത്. കൊല നടത്താന്‍ വേണ്ടി ദിവസങ്ങള്‍ക്ക് മുമ്പ് തന്നെ ഖാന് വലിയൊരു കത്തി വാങ്ങി സൂക്ഷിച്ചിരുന്നതായും അതുകൊണ്ടാണ് കൃത്യം നടത്തിയതെന്നും പോലീസ് പറയുന്നു. അതേസമയം ഇതുവരെ ഈ കത്തി കണ്ടെത്താനായിട്ടില്ല.
സാക്ഷി മിണ്ടാതായതും തന്റെ പഴയസുഹൃത്ത് പ്രവീണുമായി സൗഹൃദത്തിലായതും സാഹിലിനെ കൂടുതല്‍ പ്രകോപിതനാക്കി. ശനിയാഴ്ച സാക്ഷിയുമായി നടന്ന ഉടക്കോടെ സാഹിലിന് എല്ലാ പ്രതീക്ഷയും ഇല്ലാതാക്കിയെന്ന് സാക്ഷിയുടെ സുഹൃത്തും പറയുന്നു. സാക്ഷിയെ കൊലപ്പെടുത്തുന്ന സിസിടിവി ഫൂട്ടേജിനൊപ്പം കൊലയ്ക്ക് മുമ്പ് സാക്ഷിയെത്തേടി സാഹില്‍ റോന്തു ചുറ്റുന്നതിന്റെ മറ്റൊരു വീഡിയോയും പുറത്ുതവന്നിട്ടുണ്ട്. ഒരു കൂട്ടുകാരനുമായി ഇയാള്‍ സംസാരിക്കുന്നുമുണ്ട്. ഈ സുഹൃത്തിനെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്.
മാര്‍ക്കറ്റില്‍ നിന്നും വരുന്ന സാക്ഷി ഒരു പബ്ളിക് ടോയിലറ്റില്‍ പ്രവേശിക്കുന്നുണ്ട്. വേഷം മാറി ബര്‍ത്തഡേ പാര്‍ട്ടിക്ക് പോകാന്‍ വേണ്ടിയായിരുന്നു. 8.40 ഓടെ സാക്ഷി പുറത്തേക്ക് വരുമ്പോള്‍ ഖാന് ഇവരെ തടഞ്ഞുനിര്‍ത്തുകയും ആക്രമിക്കുകയും ചെയ്തു. ഖാന് സാക്ഷിയെ കുത്തുമ്പോള്‍ അനേകരാണ് ഇതിലെ കടന്നുപോകുന്നത്. സാക്ഷിയുടെ അടുത്തുകൂടി ഒരു നായ പോകുന്നത് പോലുമുണ്ട്. ഖാനെ ഒരാള്‍ ഇതിനിടയില്‍ തടയാന്‍ ശ്രമിക്കുന്നുണ്ട്. എന്നാല്‍ ഖാന് ഭീഷണിപ്പെടുത്തിയതോടെ ഇയാള്‍ ഓടി.
ഒരു മിനിറ്റോളം നീണ്ട ആക്രമണത്തില്‍ സാക്ഷി മരിച്ചെന്ന് ഖാന് ഉറപ്പാക്കുന്നത് വരെ ആരും പ്രശ്നത്തില്‍ ഇടപെടുന്നുമില്ല. ഒന്നര മണിക്കൂറിന് ശേഷം പോലീസ് എത്തിയാണ് സാക്ഷിയെ ആശുപത്രിയിലേക്ക് കൊണ്ടുപോയത്. കൊലപാതകത്തിന് ശേഷം ബുലന്ദ്ഷഹറിലേക്ക് മുങ്ങിയ പ്രതി അവിടെ പിതൃസഹോദരിയുടെ ഫോണില്‍ നിന്നും പിതാവിനെ വിളിച്ചു. ഈ സമയത്ത് പിതാവിനൊപ്പം പോലീസും ഉണ്ടായിരുന്നു. ഉടന്‍ തന്നെ ഫോണിന്റെ ലൊക്കേഷന്‍ പിന്തുടര്ന്ന് പോലീസ് യുവാവിനെ പിടികൂടുകയുമായിരുന്നു.






