
ചെങ്ങന്നൂര്‍: കിണര്‍ വൃത്തിയാക്കിയശേഷം തിരികെ കയറുന്നതിനിടെ കിണറ്റില്‍ കുടുങ്ങിയ വയോധികന് മരിച്ചു. പന്ത്രണ്ട് മണിക്കൂര്‍ പരിശ്രമിച്ചിട്ടും ജീവന് രക്ഷിക്കാന്‍ കഴിഞ്ഞില്ല. കൊഴുവല്ലൂര്‍, പെരുംകുഴി കൊച്ചു വീട്ടില്‍ യോഹന്നാ(ജോയി -72)നാണു മരിച്ചത്.
ആല പഞ്ചായത്ത് ഒന്‍പതാം വാര്‍ഡില്‍ കോടുകളഞ്ഞി കൊല്ലം പറമ്പില്‍ ആള്‍താമസമില്ലാത്ത വീട്ടിലെ കിണര്‍ വൃത്തിയാക്കി തിരികെ കയറുന്നതിനിടെ കിണറിന്റെ മധ്യഭാഗത്തുള്ള റിങ് ഇടിഞ്ഞു വീഴുകയും ജോയിയുടെ കാല് അതില്‍ കുടുങ്ങുകയുമായിരുന്നു. കിണറ്റില്‍ ചെളി നിറഞ്ഞുകിടന്നതിനാല്‍ കാല് അതില്‍ കുടുങ്ങുകയായിരുന്നു. തല ഭാഗം മുകളിലായിരുന്നതിനാല്‍ ശ്വസനത്തിന് തടസമില്ലായിരുന്നു.
ഓക്സിജന്‍ കൃത്രിമമായി നല്‍കിയിരുന്നു. ഉച്ചവരെ ഭക്ഷണവും വെള്ളവും നല്കി. രാവിലെ 9.30നാണു ജോയി കിണറ്റിലകപ്പെട്ടത്. 12 മണിക്കൂര്‍ ശ്രമിച്ചിട്ടും ജീവന് രക്ഷിക്കാന്‍ കഴിഞ്ഞില്ല. കിണറ്റിലെ വെള്ളം വറ്റിച്ച് രക്ഷാപ്രവര്‍ത്തനം നടത്തിയപ്പോള്‍ കിണറ്റിലേക്ക് മണ്ണിടിഞ്ഞു വീണതാണു രക്ഷാപ്രവര്‍ത്തനത്തിനു തടസമായത്. കിണറിന് സമാന്തരമായി കുഴിയെടുത്ത് ജോയിയെ രക്ഷിക്കാനുള്ള നീക്കമാണ് പിന്നീട് നടന്നത്.
ഇതിനായ് രണ്ട് ജെ.സി.ബി. ഒരു ഹിറ്റാച്ചി എന്നിവ ഉപയോഗിച്ചു. വിദേശത്തുള്ള ഇവിടുത്തെ വീട്ടുകാര്‍ അടുത്ത ദിവസം വരുമെന്നതിനാലാണ് ഇന്നലെ കിണര്‍ വറ്റിച്ച് വൃത്തിയാക്കാന്‍ ശ്രമിച്ചത്. രാത്രി 9.30ന് ജോയിയെ പുറത്തെടുത്തെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം കൊല്ലകടവിലെ സ്വകാര്യ ആശുപത്രിയിലേക്കു മാറ്റി. കോടുകുളഞ്ഞി താനോത്തറ ജോണ്‍സി ക്ക് (66) ഒപ്പമാണ് കിണര്‍ വൃത്തിയാക്കാന്‍ എത്തിയത്. ജോണ്‍സി കിണറിന് മുകളില്‍നിന്ന് മോട്ടോര്‍ പ്രവര്‍ത്തിപ്പിക്കുകയായിരുന്നു.
ചെങ്ങന്നൂര്‍, മാവേലിക്കര, കായംകുളം ഫയര്‍ഫോഴ്സ് ടീമുകളും, പോലീസും നാട്ടുകാരും രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്കി. ഇന്‍ഡോ ടിബറ്റന്‍ ബോര്‍ഡര്‍ സെക്യൂരിറ്റി ഫോഴ്സും എത്തിയിരുന്നു. ചെങ്ങന്നൂര്‍, വെണ്മണി സ്റ്റേഷനുകളിലെ പോലീസ്, റവന്യൂ, ആരോഗ്യ വിഭാഗവും സജ്ജമായിരുന്നു. മന്ത്രി സജി ചെറിയാനും കൊടിക്കുന്നില്‍ സുരേഷ് എം.പിയും സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി. ചെങ്ങന്നൂര്‍ ഡിവൈ.എസ്.പി: എം.കെ ബിനു, ചെങ്ങന്നൂര്‍ ആര്.ഡി.ഒ: എസ്.സുമ, ആല വില്ലേജ് ഓഫീസര്‍ എന്നിവരും സ്ഥലത്തുണ്ടായിരുന്നു.






