
തിരുവല്ല: മത്സ്യകൃഷിയുടെ മറവില്‍ സി.പി.എം ജില്ലാ സെക്രട്ടറിയേറ്റ് അംഗം വയല്‍ നികത്തിയത് വിവാദമായി. വില്ലേജ് ഓഫീസര്‍ സ്റ്റോപ്പ് മെമ്മോ നല്‍കിയിട്ടും നികത്തല്‍ നിര്‍ബാധം തുടരുന്നുവെന്നും പരാതി. ജില്ലാ സെക്രട്ടറിയേറ്റ് അംഗം അഡ്വ. ആര്. സനല്‍കുമാറാണ് വയല്‍ നികത്തുന്നത്.
കാവുംഭാഗം വില്ലേജ് ഓഫീസറാണ് സ്റ്റോപ്പ് മെമ്മോ നല്‍കിയത്. ഏറ്റു വാങ്ങാന്‍ മടിച്ചതിനെ തുടര്‍ന്ന് മെമ്മോ സനല്‍കുമാറിന്റെ വീടിന്റെ ഭിത്തിയില്‍ പതിപ്പിച്ചു. വിദേശമലയാളി കാര്‍ പാര്‍ക്കിങ് ഗ്രൗണ്ട് നിര്‍മിക്കുന്നതിനായി നീക്കിയ മണ്ണ് സൗജന്യമായി കൊണ്ടു വന്ന് വയല്‍ നികത്തുകയായിരുന്നുവെന്ന് കോണ്‍ഗ്രസും ബി.ജെ.പിയും ആരോപിച്ചു. ഇതിനിടെ ബി.ജെ.പിയുടെയും ആര്.എസ്.എസിന്റെയും ചില നേതാക്കള്‍ സനല്‍ കുമാറിന് വേണ്ടി രഹസ്യമായി രംഗത്ത് ഇറങ്ങിയതും വിവാദമായി.
കഴിഞ്ഞ ദിവസം എല്‍.ഡി.എഫ് സര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരേ ബി.ജെ.പി പെരിങ്ങര പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തില്‍ ജങ്ഷനില്‍ ധര്‍ണ നടത്തിയെങ്കിലും സനല്‍കുമാറിന്റെ നിലം നികത്തലിനെതിരേ ഒരക്ഷരം പോലും മിണ്ടാന്‍ തയാറായില്ല. പെരിങ്ങര സി.പി.എം ലോക്കല്‍ സെക്രട്ടറിയായിരുന്ന സന്ദീപിന്റെ കൊലപാതക കേസില്‍ ബി.ജെ.പി നേതാക്കളെ കുടുക്കാന്‍ ശ്രമിച്ച സനലിന് വേണ്ടി ബി.ജെ.പിയിലെ ഒരു വിഭാഗം നേതാക്കള്‍ വിടുപണി ചെയ്യുന്നുവെന്നും ആരോപണമുയര്‍ന്നിരുന്നു.
ബി.ജെ.പി പഞ്ചായത്ത് കമ്മറ്റി നേതാക്കള്‍ നിലം നികത്തല്‍ വിഷയത്തില്‍ രംഗത്തു വന്നുവെങ്കിലും സി.പി.എം നേതാവിനെ വിമര്‍ശിച്ചില്ല. മത്സ്യകൃഷി നടത്തുന്ന കുളത്തിന്റെ ബണ്ട് നികത്താനെന്ന പേരിലാണ് നിലം നികത്തിയത്. രണ്ടു വര്‍ഷം മുന്‍പ് ഫിഷറീസ് ഡിപ്പാര്‍ട്ട്മെന്റില്‍ നിന്ന് കിട്ടിയ ഒരു ഉത്തരവിന്റെ പിന്‍ബലത്തിലാണ് ലോഡ് കണക്കിന് മണ്ണ് കൊണ്ടു വന്നിറക്കിയത്. 50 സെന്റ് സ്ഥലം ഇതിനോടകം മണ്ണിട്ടു കഴിഞ്ഞു.
പെരിങ്ങര പഞ്ചായത്തില്‍ വേങ്ങല്‍ പാടശേഖരത്തോട് ചേര്‍ന്ന നിലമാണ് ഒരാഴ്ചയായി നികത്തിക്കൊണ്ടിരിക്കുന്നത്. പ്രളയം ഏറ്റവും രൂക്ഷമായി ബാധിക്കുന്ന പ്രദേശത്താണ് നേതാവ് വയല്‍ നികത്തിയിരിക്കുന്നത് എന്നാണ് ആരോപണം. പെരിങ്ങര പഞ്ചായത്തിലെ നാലാം വാര്‍ഡില്‍ അയ്യനാവേലിയില് 250 ഏക്കറോളം വരുന്ന വേങ്ങല്‍ പാടശേഖരത്തില്‍ രണ്ട് ഏക്കറോളം നികത്താന്‍ സി.പി.എം ജില്ലാ സെക്രട്ടറിയേറ്റ് അംഗം ആര്. സനല്‍ കുമാര്‍ നടത്തിയ നീക്കമാണ് വിവാദമായിരിക്കുന്നത്.
ചലച്ചിത്ര നിര്‍മ്മാതാവും തിരുവല്ല സ്വദേശിയുമായ വിദേശ മലയാളി ഇടിഞ്ഞില്ലത്ത് നിര്‍മ്മിക്കുന്ന കെട്ടിട സമുച്ചയത്തിന്റെ പാര്‍ക്കിങ് ഗ്രൗണ്ടിനായി നീക്കം ചെയ്ത ലോഡ് കണക്കിന് മണ്ണ് സൗജന്യമായി ഉപയോഗിച്ചാണ് അനധികൃത നികത്തല്‍ നടത്തിയതെന്ന ആരോപണവും ഉയരുന്നുണ്ട്. നിലം നികത്തല്‍ നിര്‍ത്തി വയ്ക്കാന്‍ ആവശ്യപ്പെട്ടുള്ള നോട്ടീസ് നേരിട്ട് െകെപ്പറ്റാന്‍ തയാറാകാതിരുന്നതിനെ തുടര്‍ന്ന് കാവുംഭാഗം വില്ലേജ് ഓഫീസര്‍ െകെമാറിയ നിരോധന ഉത്തരവ് നെടുമ്പ്രം വില്ലേജ് ഓഫീസര്‍ കഴിഞ്ഞ ദിവസം സനല്‍ കുമാറിന്റെ വീട്ടിലെത്തി ഭിത്തിയില്‍ പതിപ്പിക്കുകയായിരുന്നു.
നൂറുകണക്കിന് കുടുംബങ്ങള്‍ ജീവിക്കുന്ന അയ്യനാവേലിയിലും സമീപ പ്രദേശമായ മുണ്ടപ്പള്ളി ഭാഗത്തും വര്‍ഷത്തില്‍ മൂന്നും നാലും തവണ വെള്ളപ്പൊക്കം ഉണ്ടാകാറുണ്ട്. വെള്ളപ്പൊക്ക കാലത്ത് അരയ്ക്കൊപ്പം വെള്ളം കയറുന്ന വീടുകളാണ് പ്രദേശത്ത് ഏറെയും. വെള്ളപ്പൊക്ക ഭീഷണി ഏറെയുളള ഈ പ്രദേശത്ത് നടത്തുന്ന അനധികൃത നികത്തല്‍ കൂടുതല്‍ ദുരിതം സൃഷ്ടിക്കുമെന്ന് പ്രദേശവാസികള്‍ പറയുന്നു.
നികത്തിയ നിലം പൂര്‍വസ്ഥിതിയിലാക്കാന്‍ ആര്.ഡി.ഒയും ജില്ലാ കലക്ടറും നടപടി സ്വീകരിക്കണം എന്നതാണ് കോണ്‍ഗ്രസ്, ബി.ജെ.പി നേതാക്കളുടെ നിലപാട്. അതേസമയം നിലവിലെ വിവാദങ്ങള്‍ രാഷ്ര്ടീയ പ്രേരിതവും പാര്‍ട്ടിക്കുള്ളിലെ വിഭാഗീയതയുടെയും ഭാഗമാണെന്നും സനല്‍കുമാര്‍ പ്രതികരിച്ചു.
മത്സ്യകൃഷിയുടെ പേരില്‍ നിലം നികത്തിയ ജില്ലാ സെക്രട്ടറിയേറ്റംഗം അഡ്വ. ആര്. സനല്‍കുമാറിന്റേത് നിയമവിരുദ്ധ നടപടിയാണെന്ന് ഇന്നലെ ചേര്‍ന്ന സി.പി.എം ഏരിയാ കമ്മറ്റി യോഗം വിലയിരുത്തി. ഇക്കാര്യം മാധ്യമങ്ങളിലുടെ പുറത്തു വന്നത് പാര്‍ട്ടിക്ക് അവമതിപ്പുണ്ടാക്കി. ഇക്കാര്യത്തില്‍ സത്യസന്ധമായ നടപടിയെടുക്കണമെന്ന് യോഗം ജില്ലാ കമ്മറ്റിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.
മത്സ്യകുളത്തിന് ബണ്ട് കെട്ടാന്‍ വേണ്ടി അനുമതി വാങ്ങിയ ശേഷമാണ് മണ്ണ് എടുത്തിട്ടതെന്നും റവന്യൂ വകുപ്പ് നല്കിയ നിരോധന ഉത്തരവ് പിന്‍വലിക്കണമെന്നും ആവശ്യപ്പെട്ട് ആര്. സനല്‍കുമാര്‍ ആര്.ഡി.ഓ, വില്ലേജ് ഓഫീസര്‍ എന്നിവര്‍ക്ക് അപേക്ഷ നല്കി. െമെനിങ് ആന്‍ഡ് ജിയോളജിയുടെ അനുമതിയോടെയാണ് മണ്ണ് കൊണ്ടു വന്നത്. നിലവില്‍ തണ്ണീര്‍ത്തടം രൂപഭേദം വരുത്തി എന്ന് ചൂണ്ടിക്കാട്ടിയാണ് നിരോധന ഉത്തരവ് നല്‍കിയിട്ടുള്ളത്. ഈ ഉത്തരവ് നിയമപരമായി നിലനില്‍ക്കുന്നതല്ല.
മത്സ്യകര്‍ഷകനായ തനിക്ക് മീന്‍ വളര്‍ത്തലിന് രജിസ്ട്രേഷനുണ്ട്. 2018, 19 വര്‍ഷങ്ങളിലെ വെള്ളപ്പൊക്കത്തില്‍ കുളത്തില്‍ നിന്ന് ഒരു പാട് മീന്‍ ഒഴുകിപ്പോയി. ലക്ഷക്കണക്കിന് രൂപയുടെ നഷ്ടമുണ്ടായി. ബണ്ട് ഉയര്‍ത്തിക്കൊണ്ടല്ലാതെ മത്സ്യകൃഷി തുടരാന്‍ കഴിയാത്ത സാഹചര്യമാണ്. ആയതിനാല്‍ ബണ്ടുയര്‍ത്തി, ബലപ്പെടുത്തി കുളത്തിന് രൂപഭേദം വരുത്താതെയുള്ള പ്രവൃത്തി നടത്താനാണ് ഉദ്ദേശിച്ചത്. ഇക്കാര്യം നേരിട്ടും ഫോണിലും ആര്.ഡി.ഓ, തഹസില്‍ദാര്‍, കാവുംഭാഗം വില്ലേജ് ഓഫീസര്‍ എന്നിവരെ അറിയിച്ചിരുന്നു.
മണ്ണ് നിക്ഷേപിക്കുന്നതിന് റോയല്‍റ്റി അടച്ച് ജിയോളജിയില്‍ നിന്നും അനുമതി എടുത്തിരുന്നു. മത്സ്യകൃഷിയില്‍ ലക്ഷങ്ങള്‍ നഷ്ടമായ കര്ഷകന് എന്ന നിലയില്‍ സദുദ്ദേശ്യത്തോടെ ചെയ്ത പ്രവൃത്തി ചില കുബുദ്ധികള്‍ വിവാദമാക്കി. അവരുടെ വാക്ക് വിശ്വസിച്ച് നേരില്‍ കേള്‍ക്കാതെയോ രേഖകള്‍ പരിശോധിക്കാതെയോ പുറപ്പെടുവിച്ച നിരോധന ഉത്തരവ് പിന്‍വലിക്കണമെന്നാണ് സനല്‍കുമാര്‍ അപേക്ഷയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.






