
ജോധ്പൂര്‍: രാജസ്ഥാനില്‍ സ്ത്രീയെ കൊന്നു കഷണങ്ങളായി നുറുക്കി ഭക്ഷിച്ച യുവാവ് ആശുപത്രിയില്‍ മരണത്തിന് കീഴടങ്ങി. പാലി ഗ്രാമത്തില്‍ നടന്ന സംഭവത്തില്‍ സുരേന്ദ്ര ഠാക്കൂര്‍ എന്ന 25 കാരനാണ് മരണമടഞ്ഞത്. മനുഷ്യമാംസം ഭക്ഷിക്കുന്നതായി കണ്ടതിനെ തുടര്‍ന്ന് ശനിയാഴ്ച മുതല്‍ ആശുപത്രിയിലാക്കിയിരുന്നു. എന്നാല്‍ ചൊവ്വാഴ്ച രാവിലെ ഇയാള്‍ക്ക് അപ്രതീക്ഷിതമായി ഹൃദയാഘാതം ഉണ്ടായതായി ആശുപത്രി അധികൃതര്‍ പറഞ്ഞു.
പാലിയിലെ സേന്ദ്ര പോലീസ് സ്റ്റേഷന് പരിധിയില്‍ വരുന്ന സര്‍ദാന ഗ്രാമത്തില്‍ മെയ് 26 ന് സുരേന്ദ്ര ഒരു വൃദ്ധയുടെ മാംസം ഭക്ഷിക്കുന്നതായി നാട്ടുകാര്‍ കാണുകയായിരുന്നു. അസാധാരണമായ പെരുമാറ്റം കാണിച്ചതിനെ തുടര്‍ന്നാണ് നാട്ടുകാര്‍ കൂടി പിടിച്ച് പാലിയിലെ ആശുപത്രിയില്‍ എത്തിച്ചു. അവിടെ നിന്നും പിറ്റേന്ന് ജോധ്പൂരിലേക്ക് മാറ്റി. മനോവിഭ്രാന്തി കാണിച്ചിരുന്നതിനാല്‍ ഇയാളെ ആശുപത്രിയില്‍ ഏകാന്തമായി പാര്‍പ്പിക്കുകയും ചികിത്സ ചെയ്യുമ്പോള്‍ മുന്‍കരുതലുകള്‍ വേണമെന്ന് നിര്‍ദേശിക്കുകയും ചെയ്തിരുന്നു.
മെഡിക്കല്‍ സ്റ്റാഫും പോലീസും ചേര്‍ന്ന് പിടികൂടുന്നതിനിടയില്‍ ഏതാനുംപേരെ ഇയാള്‍ കടിക്കുകയും ചെയ്തു. ഇവര്‍ക്ക് പ്രതിരോധ കുത്തിവെയ്പ്പ് എടുത്തിട്ടുണ്ട്. ജോധ്പൂരിലെ ഡോക്ടര്‍മാരുടെ പ്രാഥമിക നിരീക്ഷണത്തില്‍ അദ്ദേഹത്തിന് പേവിഷബാധ, വൈറല്‍ എന്‍സെഫലൈറ്റിസ് അല്ലെങ്കില്‍ മാരകമായ മസ്തിഷ്ക വൈകല്യം എന്നിവ ബാധിച്ചിരിക്കാമെന്നാണ് കണ്ടെത്തിയത്.
ഇയാളെ സിടി സ്കാനും വിധേയമാക്കിയിരുന്നു. കരള്‍, കിഡ്നി എന്നിവ മദ്യപാനത്തെ തുടര്‍ന്ന് പ്രവര്‍ത്തനരഹിതവുമായിരുന്നു. ഇതേ തുടര്‍ന്ന് മുംബൈയിലെ ഇയാളുടെ കുടുംബത്തെ കണ്ടെത്താന്‍ പോലീസ് സംഘം പുറപ്പെട്ടിട്ടുണ്ട്. ഇയാളുടെ പോക്കറ്റില്‍ നിന്നും കിട്ടിയ ആധാര്‍ കാര്‍ഡിലെ വിലാസം വെച്ചാണ് പോലീസ് പോയിരിക്കുന്നത്. എന്നാല്‍ വീട്ടുകാരെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. ഇയാളുടെ പക്കല്‍ നിന്നും മുംബൈയില്‍ നിന്നും മദ്ധ്യപ്രദേശിലെ ഷാപുരയിലേക്ക് ഇയാള്‍ സഞ്ചരിച്ചതിന്റെ ബസ് ടിക്കറ്റും കിട്ടിയിട്ടുണ്ട്.






