
'സ്വതന്ത്ര വീര്‍ സവര്‍ക്കര്‍' എന്ന സിനിമയ്ക്കായി രണ്‍ദീപ് ഹൂഡ നടത്തിയ തയ്യാറെടുപ്പുകളെ കുറിച്ചുള്ള വിവിരങ്ങള്‍ ആണിപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. ചിത്രത്തിനു വേണ്ടി നടന് 26 കിലോ ആണ് കുറച്ചതെന്നാണ് ചിത്രത്തിന്റെ നിര്‍മാതാവ് ആനന്ദ് പണ്ഡിറ്റ് പറയുന്നത്.
നാല് മാസത്തോളം കൃത്യമായ ഡയറ്റാണ് രണ്‍ദീപ് ഫോളോ ചെയ്തതെന്നും ദിവസം മുഴുവന്‍ ഒരു ഈന്തപ്പഴവും ഒരു ഗ്ലാസ് പാലും കഴിച്ചാണ് അദ്ദേഹം മുന്നോട്ട് പോയതെന്നും ആനന്ദ് പറഞ്ഞു. 86 കിലോ ആയിരുന്നു സിനിമയില്‍ അഭിനയിക്കാന്‍ വരുമ്പോള്‍ നടന്റെ ഭാരമെന്നും നിര്‍മാതാവ് പറഞ്ഞു.
ചിത്രത്തിന്റെ ടീസര്‍ രണ്ട് ദിവസം മുന്‍പാണ് പുറത്തിറങ്ങിയത്. ടീസര്‍ റിലീസ് ആയി മണിക്കൂറുകള്‍ക്കുള്ളില്‍ ട്രോളുകളും നിറഞ്ഞിരുന്നു. നേതാജി സുഭാഷ് ചന്ദ്രബോസ്, ഭഗത് സിങ്, ഖുദിറാം ബോസ് തുടങ്ങിയ വിപ്ലവകാരികള്‍ക്ക് പ്രചോദനമായത് സവര്‍ക്കറാണെന്നാണ് രണ്‍ദീപ് ഹൂഡ പറഞ്ഞിരുന്നു. ഇക്കാര്യം ടീസറിനും പരാമര്‍ശിച്ചിരുന്നു. ഇതാണ് ട്രോളുകള്‍ക്ക് ഇടയാക്കിയത്.
'ബ്രിട്ടീഷുകാര്‍ തേടിനടന്ന ഇന്ത്യക്കാരന്. നേതാജി സുഭാഷ് ചന്ദ്രബോസ്, ഭഗത് സിങ്, ഖുദിറാം ബോസ് തുടങ്ങിയ വിപ്ലവകാരികളുടെ പ്രചോദനം. സവര്‍ക്കര്‍? ചുരുളഴിയുന്ന അദ്ദേഹത്തിന്റെ യഥാര്‍ഥ കഥ കാണുക', എന്നായിരുന്നു ഹൂഡയുടെ ട്വീറ്റ്.






