
ഒഡീഷ ട്രെയിന്‍ അപകടം സിബിഐ അന്വേഷിക്കുമെന്ന് റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ്. സിബിഐ അന്വേഷണത്തിന് റെയില്‍വേ ബോര്‍ഡ് ശുപാര്‍ശ ചെയ്തുവെന്ന് മന്ത്രി അറിയിച്ചു. പ്രതിപക്ഷം വിമര്‍ശനം ശക്തമാക്കിയതിന് പിന്നാലെയാണ് സിബിഐ അന്വേഷണം പ്രഖ്യാപിച്ചിരിക്കുന്നത്. രക്ഷാപ്രവര്‍ത്തനം പൂര്‍ത്തിയായി എന്ന് അറിയിച്ച മന്ത്രി റെയില്‍വേ ഗതാഗതം പുനഃസ്ഥാപിക്കാനുള്ള പ്രവര്‍ത്തികള്‍ തുടരുകയാണെന്ന് അറിയിച്ചു. വയറിങ് ജോലികളാണ് ഇപ്പോള്‍ നടക്കുന്നതെന്നും ട്രാക്കുമായി ബന്ധപ്പെട്ട പ്രവര്‍ത്തികള്‍ പൂര്‍ത്തിയായിയെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
അപകടത്തില്‍ 275 പേര് മരിച്ചെന്നാണ് ഒഡീഷ സര്‍ക്കാര്‍ സ്ഥിരീകരിച്ചത്. മരിച്ചവരില്‍ 88 മൃതദേഹങ്ങളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. ഇവരെ തിരിച്ചറിയുന്നതിനായി ചിത്രങ്ങള്‍ ഒഡിഷ സര്‍ക്കാര്‍ വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചു. ആവശ്യമെങ്കില്‍ ഡിഎന്‍എ പരിശോധനയും നടത്താനാണ് തീരുമാനം. അപകടത്തില്‍ പരിക്കേറ്റ ആയിരത്തിലേറെപ്പേരില്‍ 50 പേരുടെ നില ഇപ്പോഴും ഗുരുതരമാണ്.
അപകടത്തെ കുറിച്ചുള്ള വിശദാംശങ്ങളറിയാന്‍ ഹെല്പ് ലൈന്‍ നമ്പറായ 139 ല്‍ വിളിക്കാമെന്ന് റെയില്‍വേ അറിയിച്ചു. പരിക്കേറ്റവരുടെയോ, മരിച്ചവരുടെയോ ബന്ധുക്കള്‍ക്ക് ഈ നമ്പറില്‍ വിളിച്ച് വിവരങ്ങള്‍ തേടാം.റെയില്‍വേ ഒഡിഷയിലെത്താനുള്ള ചെലവുകള്‍ വഹിക്കുമെന്നും റെയില്‍വേ ബോര്‍ഡംഗം ജയ വര്‍മ്മ സിന്‍ഹ അറിയിച്ചു.






