ചെന്നൈ: അരിക്കൊമ്പന്റെ വാസം ഇനി പുതിയ കാട്ടില്‍. ചിന്നക്കനാലില്‍ നിന്ന് പെരിയാര്‍ കടുവാ സങ്കേതത്തിലേക്ക് കാടുകയറ്റിയ അരിക്കൊമ്പന് കമ്പം നഗരത്തിലിറങ്ങി ഭീതിവിതച്ചതോടെയാണ് വീണ്ടും മയക്കുവെടിവച്ച് പിടികൂടി പുതിയ താവളത്തിലേക്ക് മാറ്റിയത്. അരിക്കൊമ്പനെ തിരുനെല്‍വേലിയിലെ മുത്തുക്കുളി വനത്തില്‍ തുറന്നുവിട്ടതായി തമിഴ്നാട് ചീഫ് വൈല്‍ഡ് ൈലഫ് വാര്ഡന് ശ്രീനിവാസ് റെഡ്ഢി സ്ഥിരീകരിച്ചു.
മയക്കുവെടിയേറ്റ ആന ഒരു ദിവസമായി ആനിമല്‍ ആംബുലന്‍സിലായിരുന്നു. ആനയ്ക്ക് മതിയായ ചികിത്സ നല്കിയ ശേഷമാണ് തുറന്നുവിട്ടതെന്ന് അധികൃതര്‍ പറയുന്നു. എന്നാല്‍ മുത്തുക്കുളി വനത്തിലെ ഏതു മേഖലയിലാണ് ആനയെ തുറന്നുവിട്ടതെന്ന് വ്യക്തമാക്കിയിട്ടില്ല. ദൗത്യം പൂര്‍ത്തിയാക്കിയ ശേഷം പൂര്‍ണ്ണമായ വിവരങ്ങള്‍ വെളിപ്പെടുത്തും.
ആനയെ നിരീക്ഷിച്ചുവരികയാണ്. ആന പൂര്‍ണ്ണമായ ആരോഗ്യനില വീണ്ടെടുത്തിട്ടില്ല. മതിയായ ചികിത്സ നല്കിയ ശേഷമാണ് തുറന്നുവിട്ടതെന്നും അധികൃതര്‍ വ്യക്തമാക്കി.
കുന്നുകള്‍ നിറഞ്ഞ മേഖലയിലാണ് ആനയെ തുറന്നുവിട്ടിരിക്കുന്നതെന്നാണ് നാട്ടുകാര്‍ പറയുന്നത്. ആന കുന്ന് കയറിയാല്‍ അഗസ്ത്യമല വഴി കേരളത്തിന്റെ ഭാഗത്തെത്തും. ആന താഴേക്ക് ഇറങ്ങിയാല്‍ ജനവാസ മേഖലയില്‍ എത്താനും സാധ്യതയുണ്ട്.
അരിക്കൊമ്പനെ എവിടെ തുറന്നുവിടുമെന്നതിലെ അനിശ്ചിതത്വം ഒരു ദിവസത്തിനുശേഷമാണ് മാറിയത്. കഴിഞ്ഞ രാത്രി തേനിയില്‍ നിന്നും പിടികൂടിയ ആനയെ വെള്ളിമലയില്‍ ഇറക്കിവിടുമെന്നായിരുന്നു ആദ്യം കരുതിയത്. എന്നാല്‍ തിരുനെല്‍വേലി ഭാഗത്തേക്ക് പോയതോടെ മുണ്ടന്‍തുറൈ കടുവ സങ്കേതത്തില്‍ തുറന്നുവിടുമെന്ന സൂചന വന്നു. കളക്കാട് മണിമുത്തരും വനത്തില്‍ ആനയെ വിടുമെന്നായിരുന്നു സൂചന. എന്നാല്‍ രാത്രിയോടെ മുത്തുക്കുളി വനത്തില്‍ 30 കിലോമീറ്ററോളം ഉള്ളിലേക്ക് കൊണ്ടുപോയാണ് ആനയെ തുറന്നുവിട്ടത്.
കടുവാ സങ്കേതത്തിനുള്ളില്‍ തോട്ടങ്ങളും തൊഴിലാളികളുടെ വീടുകളുമുണ്ട്. ആന ജനവാസ മേഖലയില്‍ ഇറങ്ങുമെന്ന് നാട്ടുകാര്‍ ആശങ്ക അറിയിച്ചെങ്കിലും കേരളത്തിന്റെ ഭാഗത്തേക്ക് കയറ്റിവിടുമെന്ന് വനംവകുപ്പ് അധികൃതര്‍ ഉറപ്പ് നല്‍കുകയായിരുന്നു.






