
ഉത്തരകാശി: ഉത്തരാഖണ്ഡിലെ പുരോലയില്‍ കടയൊഴിഞ്ഞു പോകണമെന്ന് ആവശ്യപ്പെട്ട് മുസ്ളീങ്ങളുടെ കടകള്‍ക്ക് പുറത്ത് പോസ്റ്റര്‍. ലവ് ജിഹാദ് ആരോപിക്കപ്പെട്ട് ഉത്തരകാശി ജില്ലയില്‍ ഉടനീളം വലിയ പ്രതിഷേധം നടക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് പോസ്റ്റര്‍. പുരോലിയിലെ 40-50 കടകള്‍ നടത്തുന്നത് മുസ്ളീങ്ങളാണ്. അജ്ഞാതസംഘത്തിന്റെ പേരിലാണ് പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.
ശനിയാഴ്ച പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ രണ്ടുയുവാക്കള്‍ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം നടന്ന സംഭവത്തില്‍ ലവ് ജിഹാദ് ആരോപിച്ച് ശക്തമായ പ്രതിഷേധം നടന്നിരുന്നു. ഇതിന് പിന്നാലെയാണ് ജൂണ്‍ 15 ന് മുമ്പ് കടയൊഴിഞ്ഞു പോകണമെന്നും അല്ലെങ്കില്‍ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരുമെന്നും മുന്നറിയിപ്പ് നല്കുന്ന പോസ്റ്ററുകള്‍ വന്നിരിക്കുന്നതും. സംഭവത്തില്‍ പോലീസ് അന്വേഷണം തുടങ്ങി.
പോസ്റ്ററുകള്‍ വലിച്ചുകീറിക്കളഞ്ഞിട്ടുണ്ട്. ജില്ലയി സമാധാനം ഉറപ്പാക്കാന്‍ നിയമസംവിധാനം പ്രവര്‍ത്തിക്കുന്നുണ്ടെന്നായിരുന്നു മുഖ്യമന്ത്രി പുഷ്ക്കര്‍ സിംഗ് ധാമിയുടെ പ്രതികരണം. ലവ് ജിഹാദും ഭൂമിജിഹാദും അടക്കമുള്ള പ്രശ്നങ്ങള്‍ക്ക് എതിരേ സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും പറഞ്ഞു. സമാധാനവും സാമുദായിക ഐക്യവും തകര്‍ക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് ശക്തമായ പോലീസ് നടപടി നേരിടേണ്ടി വരുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ജൂണ്‍ 3 ന് ചിലര്‍ ജില്ലയിലെ കടകളുടെ ഷട്ടറുകളില്‍ കറുത്ത പെയിന്റ് അടിച്ചിരുന്നു.
പുരോലയില്‍ ഒരു യുവാവും ചില സുഹൃത്തുക്കളും ചേര്‍ന്ന് 13 വയസ്സുള്ള പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോകാന്‍ നടത്തിയ ശ്രമം നാട്ടുകാര്‍ ചേര്‍ന്ന് തടയുകയും യുവാക്കളെ പോലീസിന് കൈമാറുകയും ചെയ്തിരുന്നു. ഇവരില്‍ ഒരാള്‍ ന്യൂനപക്ഷ വിഭാഗത്തില്‍ പെടുന്നയാളാണ്. സംഭവത്തില്‍ ശനിയാഴ്ച ഉത്തരകാശി ജില്ലയിലെ നഗരങ്ങളില്‍ ഹിന്ദുസംഘടനകള്‍ കനത്ത പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. പ്രതികളെ പോലീസിന് കൈമാറിയെങ്കിലും ലവ് ജിഹാദ് ആരോപിച്ച് വലിയ പ്രതിഷേധമാണ് നടന്നത്.
യമുനാ വാലി ഹിന്ദു ജാഗൃതി സംഘാതന്‍ എന്ന സംഘടനയുടെ നേതൃത്വത്തില്‍ ബിസിനസുകാരും നാട്ടുകാരും പൊതുജനങ്ങളും ചേര്‍ന്ന് ബാര്‍കോട്ട്, നവോഗാവ്, പുരോല, ദാംടാ എന്നിവിടങ്ങളില്‍ ചന്തകളും മറ്റും കടകള്‍ അടച്ച് പ്രതിഷേധിച്ചിരുന്നു. ലവ് ജിഹാദ് ആരോപിച്ച് ഡ്രമ്മുകളും മറ്റും അടിച്ചും ജിഹാദിനെതിരേ ശക്തമായ മുദ്രാവാക്യം വിളിച്ചുമായിരുന്നു ജാഥ. ഇതിനെതിരേ നടപടിയെടുക്കണം എന്നാവശ്യപ്പെട്ട് ഇവര്‍ ബാര്‍ക്കോട്ട് സബ് ഡിവിഷന് മജിസ്ട്രേറ്റിന് മെമ്മോറാണ്ടവും നല്‍കിയിട്ടുണ്ട്.
പുറത്തുനിന്നുള്ള വ്യാപാരികള്‍ വന്ന് വ്യാജ വ്യക്തിത്വം കാട്ടി നിരപരാധികളായ പെണ്മക്കളെ മലനിരകളില്‍ കുടുക്കുന്നെന്നാണ് യമുനാ വാലി ഹിന്ദു ജാഗൃതി സംഗതന്‍ പ്രസിഡന്റ് കേശവ് ഗിരി മഹാരാജ് ആരോപണം. തട്ടിക്കൊണ്ടുപോകല്‍ സംഭവങ്ങള്‍ കൂടുകയാണെന്നാണ് പുരോലയിലെ സംഭവം കാണിക്കുന്നതെന്നും സമാനമായ സംഭവം നൗഗാവ് മാര്‍ക്കറ്റിലും ഉണ്ടായിട്ടുണ്ടെന്നും ഇയാള്‍ ആരോപിച്ചു. കച്ചവടക്കാരും ചില്ലറ വ്യാപാരികളുമായി കറങ്ങിനടക്കുന്ന നൂറുകണക്കിനു പുറത്തുനിന്നുള്ളവരെ പ്രദേശത്ത് നിന്ന് മാറ്റണമെന്നാണ് സമരക്കാരുടെ ആവശ്യം.






