
ഇംഫാല്‍: പട്ടിയിറച്ചി വില്‍പ്പനയും ഇറക്കുമതിയും നിരോധിച്ച് നാഗാലാന്റ് സര്‍ക്കാര്‍ കൊണ്ടുവന്ന ഉത്തരവിന് തിരിച്ചടി. നാഗാലാന്‍ഡ് സര്‍ക്കാരിന്റെ ഉത്തരവ് ഗുവാഹത്തി ഹൈക്കോടതിയുടെ കൊഹിമ ബെഞ്ച് റദ്ദാക്കി. പട്ടിയിറച്ചിയുടെ വ്യാവസായിക ഇറക്കുമതി, നായ്ക്കളുടെ വ്യാപാരം, നായ്ക്കളുടെ ചന്തകള്‍, റെസ്റ്റോറന്റുകളില്‍ പട്ടിയിറച്ചി വാണിജ്യാടിസ്ഥാനത്തില്‍ വില്പന നടത്തല്‍ എന്നിവ നിരോധിക്കാന്‍ രണ്ടു വര്‍ഷം മുമ്പ് നാഗാലാന്റ് ചീഫ് സെക്രട്ടറി പുറത്തിറക്കിയ ഉത്തരവാണ് റദ്ദാക്കിയത്.
2020 ജൂലൈ 4 ലെ നിരോധന ഉത്തരവ് പുറപ്പെടുവിക്കാന്‍ നാഗാലാന്‍ഡ് ചീഫ് സെക്രട്ടറിയ്ക്ക് അധികാരം ഇല്ലെന്ന് വ്യക്തമാക്കി ജസ്റ്റിസ് മാര്‍ലി വങ്കുന് അധ്യക്ഷനായ ബെഞ്ച് ജൂണ്‍ 2 ന് വിധി പ്രസ്താവിച്ചു. നേരത്തേ വാണിജ്യാടിസ്ഥാനത്തില്‍ നായ്ക്കളുടെ മാസംത്തിന്റെ ഇറക്കുമതിയും പാകം ചെയ്തതും അല്ലാത്തതുമായ പട്ടിയിറച്ചി വില്‍ക്കുന്നത് സംസ്ഥാനസര്‍ക്കാര്‍ കൊണ്ടുവന്ന വിലക്കിനാണ് തിരിച്ചടി കിട്ടിയത്.
നിരോധത്തിനെതിരേ ഹര്‍ജി സമര്‍പ്പിച്ചവര്‍ 2011ലെ ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങളുമായി ബന്ധപ്പെട്ട ചട്ടങ്ങളാണ് ചൂണ്ടിക്കാട്ടിയത്. എന്നാല്‍ സംസ്ഥാന സര്‍ക്കാരിന്റെ പ്രതിനിധികള്‍ ഇക്കാര്യത്തില്‍ പ്രതികരിച്ചിരുന്നില്ല. ഇതോടെയാണ് 2020 നവംബറില്‍ ഹൈക്കോടതി സിംഗിള്‍ ബെഞ്ച് കൊണ്ടുവന്ന നിരോധനം താല്‍ക്കാലികമായി തടഞ്ഞത്. കൊഹിമ മുനിസിപ്പല്‍ കൗണ്‍സിലിന് കീഴില്‍ ലൈസന്‍സുള്ള വ്യാപാരികളാണ് നിരോധനത്തെ എതിര്‍ത്ത് ഹര്‍ജി സമര്‍പ്പിച്ചത്.
'മൃഗങ്ങള്‍' എന്ന നിര്‍വചനത്തില്‍ നായയെയോ നായ്ക്കളെയോ പരാമര്‍ശിച്ചിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയ ജഡ്ജി, വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ ചില ഭാഗങ്ങളില്‍ മാത്രമാണ് നായ്ക്കളുടെ മാംസം കഴിക്കുന്നത് എന്നതിനാല്‍ അതിശയിക്കാനില്ലെന്നും കൂട്ടിച്ചേര്‍ത്തു. എന്നിരുന്നാലും, നായയുടെ മാംസം മനുഷ്യ ഉപഭോഗത്തിനുള്ള ഭക്ഷണത്തിന്റെ മാനദണ്ഡമായി കണക്കാക്കുന്നില്ലെന്നും മനുഷ്യ ഉപഭോഗത്തിന് സുരക്ഷിതമായ മൃഗങ്ങളുടെ നിര്‍വചനത്തില്‍ അത് ഒഴിവാക്കിയിട്ടുണ്ടെന്നും അത് അഭിപ്രായപ്പെട്ടു.






