കൊച്ചി: എറണാകുളം മഹാരാജാസ് കോളജിലെ മാര്‍ക്ക് ലിസ്റ്റ് വിവാദത്തില്‍ എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി.എം ആര്‍ഷോയുടെ പരാതി പ്രത്യേക സംഘം അന്വേഷിക്കും. ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള സംഘം അന്വേഷിക്കുമെന്ന് കമ്മീഷണര്‍ കെ.സേതുരാമന് അറിയിച്ചു. പരീക്ഷാ ഫലത്തില്‍ തന്റെ പേര് വന്നത് ഗൂഢാലോചനയാണെന്ന് കാണിച്ച് പി.എം ആര്‍ഷോ ഡിജിപിക്ക് പരാതി നല്‍കിയിരുന്നു.
അതേസമയം, മഹാരാജാസ് കോളജിന്റെ പേരില്‍ വ്യാജ സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിച്ച കേസില്‍ കെ.വിദ്യയ്ക്കെതിരായ പരാതിയില്‍ അന്വേഷണം എങ്ങുമെത്തുന്നില്ല. മഹാരാജാസ് കോളജ് നല്കിയ പരാതിയില്‍ കൊച്ചി സെന്‍ട്രല്‍ പോലീസ് അന്വേഷണം നടത്തുമെന്നായിരുന്നു പോലീസിന്റെ ആദ്യം തീരുമാനം. എന്നാല്‍ കെ.വിദ്യയ്ക്കെതിരെ അട്ടപ്പാടി ഗവ.കോളജും കാസര്‍ഗോഡ് കരിന്തളം ഗവ.കോളജും പരാതി നല്‍കിയതോടെ അന്വേഷണത്തില്‍ പോലീസ് ഉരുണ്ടുകളിക്കുകയാണ്.
അഗളി പോലീസിന് കേസ് കൈമാറുമെന്ന് കൊച്ചി പോലീസ് ആദ്യം പറഞ്ഞിരുന്നുവെങ്കിലും പിന്നീട് സെന്‍ട്രല്‍ എസിപിയുടെ നേതൃത്വത്തില്‍ സെന്‍ട്രല്‍ സിഐ അന്വേഷിക്കുമെന്ന് വ്യക്തമാക്കി. വിദ്യ വ്യാജ രേഖ നിര്മ്മിക്കാനുപയോഗിച്ചതെന്ന് സംശയിക്കുന്ന സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പും മറ്റും പോലീസ് പിടിച്ചെടുത്തു.
കെ.വിദ്യയുടെ പി.എച്ച്.ഡി പ്രവേശനത്തില്‍ സമഗ്ര അന്വേഷണം നടത്താന്‍ കാലടി സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഉത്തരവിറക്കി. സ്റ്റാന്‍ഡിംഗ് കമ്മിറ്റിക്കാണ് അന്വേഷണത്തിന് നിര്‍ദേശം. വിദ്യയുടെ മുന്‍ ഗൈഡും വിദ്യയ്ക്കെതിരെ പരാതി നല്‍കിയിരുന്നു. സംവരണം അട്ടിമറിച്ചു, ഹൈക്കോടതി ഉത്തരവ് ദുര്‍വിനിയോഗം ചെയ്തു എന്നീ ആരോപണങ്ങള്‍ ഉന്നയിച്ചാണ് അന്വേഷണം. സംവരണ തത്വങ്ങള്‍ അട്ടിമറിച്ചാണ് വിദ്യ പ്രവേശനം നേടിയതെന്ന് എസ്.സി/എസ്.ടി സെല്ലും കണ്ടെത്തിയിരുന്നു. വിദ്യ പ്രവേശനം നേടിയത് സംവരണ തത്വം അട്ടിമറിച്ചാണെന്ന് കാണിച്ച് എസ്.വര്‍ഷ എന്നയാള്‍ രജിസ്ട്രാര്‍ക്ക് പരാതി നല്‍കിയിരുന്നു.
അതിനിടെ, തനിക്കെതിരെ ഗൂഢാലോചന നടത്തിയത് വകുപ്പ് മേധാവി ഡോ.വിനോദ് കുമാര്‍ ആണെന്ന ആര്‍ഷോയുടെ പരാതി കോളജ് അന്വേഷണ സമിതി തള്ളി. കോളജിലെ കെഎസ്.യു പ്രവര്‍ത്തകയായ ആര്‍ദ്ര മോഹന്‍ദാസിന്റെ പുനര്‍മൂല്യ നിര്‍ണയവുമായി ബന്ധപ്പെട്ട് താന്‍ പരാതി നല്‍കിയിരുന്നു. അതിന്റെ വൈരാഗ്യം തീര്‍ക്കാന്‍ വകുപ്പ് മേധാവി തനിക്കെതിരെ പ്രവര്‍ത്തിച്ചതാണെന്ന് ആര്‍ഷോ ആരോപിച്ചിരുന്നു. ഈ വാദമാണ് കോളജ് തള്ളിയത്.
പുനര്‍മൂല്യ നിര്‍ണയത്തില്‍ ക്രമക്കേട് നടന്നിട്ടില്ല. പുനര്‍മൂല്യനിര്‍ണയം നടന്നത് കോളജ് നിയമാവലി പ്രകാരമാണെന്നും കോളജ് അന്വേഷണ സമിതി വ്യക്തമാക്കി.






