
മുന്‍ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ആണവ വിവരങ്ങളടക്കമുള്ള അമേരിക്കയുടെ രഹസ്യ രേഖകള്‍ അലക്ഷ്യമായി കൈകാര്യം ചെയ്തതായി കുറ്റപത്രം. ട്രംപ് മിലിട്ടറി പ്ലാനുകള്‍ അടക്കമുള്ള ക്ലാസിഫൈഡ് ഗണത്തിലുള്ള രേഖകള്‍ കുളിമുറിയിലും ഹാളിലും മറ്റും സൂക്ഷിച്ചതായാണ് കുറ്റപത്രം വിശദമാക്കുന്നത്. ക്ലാസിഫൈഡ് സ്വഭാവമുള്ള രേഖകള്‍ വസതിയിലെ കുളിമുറിയിലും ഹാളിലുമായാണ് സൂക്ഷിച്ചതെന്നും അന്വേഷണ ഉദ്യോഗസ്ഥരോട് നുണ പറഞ്ഞതായും അന്വേഷണം തടസപ്പെടുത്താന്‍ ശ്രമിച്ചതായും കുറ്റപത്രം വിശദമാക്കുന്നു. ഈ രേഖകള്‍ 2021ല്‍ അനുമതിയില്ലാതെ എഴുത്തുകാരനടക്കം ചിലരെ കാണിച്ചതായും കുറ്റപത്രം ആരോപിക്കുന്നു.
ട്രംപിന്റെ സഹായി വാള്‍ട്ട് നോട്ടയ്ക്ക് എതിരെയും എഫ്ബിഐയില്‍ നിന്ന് രഹസ്യ രേഖകള്‍ ഒളിച്ച് വച്ചതിന് കുറ്റങ്ങള്‍ ചുമത്തിയിട്ടുണ്ട്. രഹസ്യ രേഖകള്‍ ഒളിച്ച് കടത്തിയത് ഇയാളാണെന്ന് 49 പേജുള്ള കുറ്റപത്രം വിശദമാക്കുന്നു. ക്ലാസിഫൈഡ് സ്വഭാവമുള്ള 300 രേഖകള്‍ പ്രസിഡന്റ് പദവിയൊഴിഞ്ഞ ട്രംപ് പാം ബീച്ചിലെ മാര്‍ എ ലാഗോ എന്ന ആഡംബര വസതിയോട് കൂടിയ സ്വകാര്യ ക്ലബ്ബിലേക്ക് മാറ്റിയെന്നും കുറ്റപത്രം വ്യക്തമാക്കുന്നു.
ക്ലാസിഫൈഡ് സ്വഭാവമുള്ള രേഖകള്‍ ആയിരക്കണക്കിന് അതിഥികളും ക്ലബ്ബ് അംഗങ്ങളും പങ്കെടുക്കുന്ന പരിപാടികള്‍ നടക്കുന്ന ഇടത്താണ് അലക്ഷ്യമായി സൂക്ഷിച്ചത്. തന്റെ അഭിഭാഷകനോട് ട്രംപ് രേഖകള്‍ ഒളിപ്പിക്കാനോ നശിപ്പിക്കാനോ നിര്‍ദ്ദേശിച്ചതായാണ് കുറ്റപത്രം വിശദമാക്കുന്നത്. 7 കുറ്റങ്ങളാണ് ഇത്തരത്തില്‍ ട്രംപിനെതിരെ ചുമത്തിയിരിക്കുന്നത്. ഇത്തരമൊരു കേസില്‍ ഇതാദ്യമായാണ് ഒരു മുന്‍ പ്രസിഡന്റ് വിചാരണ നേരിടേണ്ടി വരുന്നത്.






