
വാളാഞ്ചേരിക്കാരന്‍ ഷിഹാബ് ചോട്ടൂര്‍ നടക്കാന്‍ തുടങ്ങിയിട്ട് ഒരു വര്‍ഷത്തിലേറെയായി. മലപ്പുറത്ത് നിന്നും വിശുദ്ധനഗരമായ മെക്കയിലേക്ക് യാത്ര തുടങ്ങിയിട്ട് ഇപ്പോള്‍ 8640 കിലോമീറ്ററുകള്‍ പിന്നിട്ടു കഴിഞ്ഞു. ഇതിനിടയില്‍ പാകിസ്താന്, ഇറാന്, ഇറാഖ്, കുവൈറ്റ് എന്നീ രാജ്യങ്ങള്‍ പിന്നിട്ട് സൗദി അറേബ്യയില്‍ പ്രവേശിച്ചു കഴിഞ്ഞിരിക്കുകയാണ്.
ഹജ്ജിനായി സൗദിയിലേക്ക് മാരത്തോണ്‍ നടത്തം ഷിഹാബ് തുടങ്ങിയത് 2022 ജൂണ്‍ 2 ന് മലപ്പുറത്തെ വാളാഞ്ചേരിയില്‍ നിന്നുമായിരുന്നു. ഈ മാസം ആദ്യമാണ് മെക്കയില്‍ പ്രവേശിച്ചത്. ഇന്ത്യ, പാകിസ്ഥാന്, ഇറാന്, ഇറാഖ്, കുവൈറ്റ് എന്നീ രാജ്യങ്ങള്‍ ചുറ്റിനടന്ന ഷിഹാബ് തന്റെ കാല്‍നടയാത്രയില്‍ മെയ് രണ്ടാം വാരത്തില്‍ കുവൈറ്റില്‍ നിന്ന് സൗദി അറേബ്യന്‍ അതിര്‍ത്തി കടന്നു. സൗദി അറേബ്യയില്‍ പ്രവേശിച്ച ഷിഹാബ് ഇസ്ളാമിക തീര്‍ത്ഥാടനകേന്ദ്രമായ മെദീനയിലേക്ക് പോയി. അവിടെ 21 ദിവസം ചിലവഴിച്ച ശേഷമാണ് മെക്കയിലേക്ക് നടപ്പാരംഭിച്ചത്.
മെക്കയ്ക്കും മെദീനയ്ക്കും ഇടയിലുള്ള 440 കിലോ മീറ്ററും ഷിഹാബ് നടന്നു തീര്‍ത്തു. ഒമ്പത് ദിവസമാണ് ഇതിനെടുത്തത്. മാതാവ് സൈനബയ്ക്ക് പിന്നീാലെയാണ് ഷിഹാബും ഹജ്ജ് തീര്‍ത്ഥാനത്തിന് എത്തിയത്. സ്വന്തമായി യൂട്യുബ് ചാനലുള്ള ഷിഹാബ് തന്റെ ഓരോ ദിവസത്തെയും യാത്രകളും അതിന്റെ വിശേഷങ്ങളും ദിനംപ്രതി തന്റെ വ്യൂവേഴ്സുമായി പങ്കു വെയ്ക്കുന്നുണ്ട്.
കഴിഞ്ഞ ജൂണില്‍ തുടങ്ങിയ ഹജ്ജ് തീര്‍ത്ഥാടന യാത്രയില്‍ ഇന്ത്യയിലെ അനേകം സംസ്ഥാനങ്ങള്‍ വഴി കടന്നാണ് രാജ്യത്തിന്റെ അതിര്‍ത്തിയായ വാഗാ അതിര്‍ത്തിയില്‍ എത്തിയത്. അവിടെ നിന്നും പാകിസ്താനിലേക്ക് കടക്കണമായിരുന്നു. എന്നാല്‍ ഇവിടെ പാകിസ്താന് അധികൃതര്‍ തടഞ്ഞു. അദ്ദേഹത്തിന്റെ കയ്യില്‍ വിസ ഇല്ലായിരുന്നു. ട്രാന്‍സിറ്റ് വിസ കിട്ടാന്‍ ഇവിടെ ഒരു സ്കൂളില്‍ മാസങ്ങള്‍ കാത്തിരിക്കേണ്ടി വന്നു. അതിന് ശേഷം പാകിസ്താനിലൂടെ തന്റെ യാത്ര തുടര്‍ന്ന് നാലു മാസത്തിന് ശേഷം ഹജ്ജ് തീര്‍ത്ഥാടനകേന്ദ്രത്തില്‍ എത്തി.






