
ന്യുഡല്‍ഹി: രാജസ്ഥാന് കോണ്‍ഗ്രസിലെ അധികാര തര്‍ക്കത്തെ തള്ളി മുഖ്യമന്ത്രി അശോക് ഗെലോട്ട്്. സച്ചിന് പൈലറ്റുമായുള്ള വഴക്ക് കോണ്‍ഗ്രസിനുള്ളിലെ ആഭ്യന്തര പ്രശ്നമാണെന്നും അതെല്ലാം പരിഹരിച്ച് നിയമസഭാ തിരഞ്ഞെടുപ്പിനായി ഒരുമിച്ച് പ്രവര്‍ത്തിക്കുമെന്നും ഗെലോട്ട് പറഞ്ഞു.
ഡല്‍ഹിയില്‍ രാഹുല്‍ ഗാന്ധിയുടെയും കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന ഖാര്‍ഗെയുടെയും കെ.സി വേണുഗോപാലിന്റെയും സുഖ്ജിന്ദര്‍ സിംഗ് രണ്ഡവാലെയുടെയും നേതൃത്വത്തില്‍ ഞങ്ങള്‍ തമ്മില്‍ സംസാരിച്ചിരുന്നു. അതേകുറിച്ച് ഇപ്പോള്‍ പറയാനാവില്ല. ഇനിയും ഒരുമിച്ച് ചര്‍ച്ച ചെയ്യാനിരിക്കേ, ഇപ്പോള്‍ താനെന്തിലും പറയുന്നത് തെറ്റിദ്ധാരണയ്ക്ക് ഇടയാക്കും. ആ വിഷയം അവസാനിപ്പിക്കാമെന്നും അദ്ദേഹം മാധ്യമങ്ങളുടെ ചോദ്യത്തോട് പ്രതികരിച്ചു.
മുന്‍ മുഖ്യമന്ത്രിയും ബിജെപി നേതാവുമായ വസുന്ധര രാജെയ്ക്കെതിരായ നടപടിക്ക് ഒരുക്കമാണെന്നും അദ്ദേഹം പറഞ്ഞു. മൂന് സര്‍ക്കാരിലെ അഴിമതികളില്‍ മുഖ്യമന്ത്രി മൗനം പാലിക്കുന്നുവെന്ന് പൈലറ്റ് കുറ്റപ്പെടുത്തിയിരുന്നു. വസുന്ധര രാജെയ്ക്കെതിരായ ആരോപണങ്ങളെല്ലാം കോടതിയുടെ മുന്നിലാണ്. എന്താണ് സര്‍ക്കാര്‍ വിട്ടുകളഞ്ഞതെന്ന് ചൂണ്ടിക്കാട്ടിയാല്‍ അതിലും നടപടിയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
2020ല്‍ പാര്‍ട്ടിയിലുണ്ടായ പൊട്ടിത്തെറിക്കിടെ അധികാരം നിലനിര്‍ത്താന്‍ തന്നെ സഹായിച്ചത് വസുന്ധര രാജെയാണെന്ന് നേരത്തെ പറഞ്ഞത് വിവാദമായിരുന്നു.






