
അഭിമുഖത്തിനു വേണ്ടി അട്ടപ്പാടി ഗവണ്മെന്റ് കോളേജില്‍ മഹാരാജാസ് കോളേജിലെ വ്യാജരേഖയുമായി കെ. വിദ്യ എത്തിയത് വെള്ള സ്വിഫ്റ്റ് കാറിലാണെന്ന് കണ്ടെത്തി. കോളേജിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍ നിന്നാണ് വിവരങ്ങള്‍ കിട്ടിയത്.
വിദ്യക്കൊപ്പം കാറില്‍ മറ്റൊരാളും ഉണ്ടായിരുന്നു. പക്ഷേ ഗ്ലാസില്‍ കറുത്ത ഫിലിം ഒട്ടിച്ചിരുന്നതിനാല്‍ കാറിനകത്ത് ഉണ്ടായിരുന്ന ആളുടെ മുഖം വ്യക്തമായി പതിഞ്ഞില്ല. വിദ്യയെ കോജേില്‍ ഇറക്കിയ ശേഷം കാര്‍ പുറത്തേക്ക് പോയി. പിന്നീട് 12 മണിക്ക് ശേഷം ഇയാള്‍ വീണ്ടും കാറുമായി കോളേജിലെത്തിയതും സിസിടിവി ദൃശ്യങ്ങളിലുണ്ട്. കോളേജിലെ സിസിടിവി ദൃശ്യങ്ങള്‍ പോലീസ് സംഘം പരിശോധിച്ചു.
ജൂണ്‍ രണ്ടിനാണ് വിദ്യ കോളേജില്‍ എത്തിയത്. ഇതിന്റെ സിസിടിവി ദൃശ്യങ്ങളുടെ കാര്യത്തില്‍ വളരെ വലിയ ആശയകുഴപ്പങ്ങള്‍ ഉണ്ടായിരുന്നു. എന്നാല്‍ വെള്ളിയാഴ്ച കോളേജില്‍ അന്വേഷണത്തിനായി പോലീസ് എത്തിയപ്പോള്‍ കോളേജ് ചുമതലയിലുണ്ടായിരുന്ന ജീവനക്കാരന് സിസിടിവി ദൃശ്യങ്ങള്‍ ഇല്ലെന്ന് പറഞ്ഞിരുന്നു. ആറ് ദിവസത്തെ ദൃശ്യങ്ങള്‍ മാത്രമേ കോളേജില്‍ ഉള്ളൂവെന്നായിരുന്നു അന്ന് അയാള്‍ പോലീസിനോട് പറഞ്ഞത്.
പോലീസ് തിരികെ പോയപ്പോള്‍ കോളേജ് പ്രിന്‍സിപ്പല്‍ ലാലി മോള് വര്‍ഗീസ് ആണ് ദൃശ്യങ്ങളുള്ള കാര്യം വ്യക്തമാക്കി രംഗത്ത് വന്നത്. ഇതനുസരിച്ച് വീണ്ടും പൊലീസ് കോളേജിലെത്തി ദൃശ്യങ്ങള്‍ പരിശോധിക്കുകയും, ഇതില്‍ നിന്ന് നിര്‍ണായക വിവരങ്ങള്‍ ലഭിയ്ക്കുകയുമായിരുന്നു. അതേസമയം പ്രവര്‍ത്തിപരിചയ സര്‍ട്ടിഫിക്കറ്റ് വ്യാജ രേഖ ഉണ്ടാക്കി കാസര്‍കോട് കോളേജില്‍ ജോലി ചെയ്യുകയും പിന്നീട് അട്ടപ്പാടി കോളജിലേക്ക് ജോലിക്ക് ശ്രമിയ്ക്കുകയും ചെയ്ത കെ.വിദ്യ എവിടെയാണ് ഉള്ളതെന്ന് അറിയില്ലെന്ന വാദം ആവര്‍ത്തിക്കുകയാണ് പോലീസ്.






