
ന്യൂയോര്‍ക്ക്: നഗരത്തിലെ ആദ്യ വനിതാ പോലീസ് കമ്മീഷണര്‍ കീച്ചന്റ് സെവല്‍ 18 മാസത്തിന് ശേഷം പദവി രാജിവെച്ചു. നഗരത്തില്‍ നിയോഗിക്കപ്പെട്ട ആദ്യ വനിതാ കമ്മീഷണര്‍ എന്ന നിലയില്‍ വലിയ വാര്‍ത്താപ്രാധാന്യം നേടിയ കീച്ചന്റ് സെവല്‍ തന്റെ രാജിക്കത്ത് തിങ്കളാഴ്ച ഉച്ചയ്ക്ക് ശേഷം ഡിപ്പാര്‍ട്ട്മെന്റ് സ്റ്റാഫിന് ഇ മെയിലായി അയയ്ക്കുകയായിരുന്നു.
നഗരത്തിന്റെ 45 ാമത്തെ കമ്മീഷണറായിരുന്നു സെവല്‍. മേയര്‍ എറിക് ആഡംസ് ആയിരുന്നു സെവലിനെ ഈ പദവിയില്‍ നിയോഗിച്ചത്. 2022 ജനുവരിയിലായിരുന്നു ന്യൂയോര്‍ക്ക് പോലീസ് ഡിപ്പാര്‍ട്ട്മെന്റില്‍ ക്യാപ്റ്റനായിരുന്ന ആഡംസ് മേയറായത്. പദവിയില്‍ ഏറുന്നതിന് മുമ്പ് താന്‍ ചുമതലയേറ്റാല്‍ ഒരു സ്ത്രീയെ കമ്മീഷണര്‍ പോസ്റ്റില്‍ അവരോധിക്കുമെന്ന് പ്രതിജ്ഞയെടുത്തിരുന്നു. പിന്നാലെ സെവലിനെ ചുമതലപ്പെടുത്തി വാക്കു പാലിക്കുകയും ചെയ്തു. സെവല്‍ ചുമതലയേറ്റതിന് പിന്നാലെ കൊലപാതകം ഉള്‍പ്പെടെ നഗരത്തിലെ ചില വിഭാഗങ്ങളിലെ കുറ്റകൃത്യങ്ങളില്‍ വലിയ കുറവ് വന്നിരുന്നു. അതേസമയം ചുമതലയേറ്റ ആദ്യ മാസം തന്നെ സെവലിന് നേരിടേണ്ടി വന്നത് രണ്ടു ഓഫീസര്‍മാര്‍ക്ക് നേരെ നടന്ന വെടിവെയ്പ്പായിരുന്നു.
പൊതുവെ വെള്ളി വെളിച്ചത്തില്‍ നിന്നും അകന്നു നിന്നിരുന്ന ഓഫീസറായിരുന്നു സെവല്‍. തന്റെ ഭരണകാലത്ത് അക്രമങ്ങള്‍ക്കെതിരേ കടുത്ത നിലപാട് എടുത്തിരുന്ന ആളായിരുന്നു ആഡംസ്. എന്നിട്ടും വാര്‍ത്താ സമ്മേളനങ്ങളിലും മറ്റും വളരെ കുറവാണ് സെവല്‍ പങ്കെടുത്തിരുന്നത്. അതേസമയം സെവലിനെ കമ്മീഷണറായി ചുമതലപ്പെടുത്തി ന്യൂയോര്‍ക്ക് പോലീസ് ഡിപ്പാര്‍ട്ട്മെന്റിനെ ആഡംസാണ് ഭരിക്കുന്നതെന്നായിരുന്നു പ്രധാനമായൂം ഉയര്‍ന്നുവന്ന ആരോപണം. അതേസമയം തന്റെ രാജിയുടെ യഥാര്‍ത്ഥ കാരണം 51 കാരി സെവല്‍ വ്യക്തമാക്കിയിട്ടില്ല.
നാസൂ കൗണ്ടിയിലെ പോലീസ് വകുപ്പില്‍ 23 വര്‍ഷമായി ജോലി ചെയ്യുന്ന സെവല്‍ ചീഫ് ഡിറ്റക്ടീവായും മറ്റും ജോലി ചെയ്തിട്ടുണ്ട്. ന്യൂയോര്‍ക്ക് സിറ്റിപോലീസ് ഡിപ്പാര്‍ട്ട്മെന്റില്‍ നിയമിക്കപ്പെടുന്ന ആദ്യ വനിതാ കമ്മീഷണറും ആഫ്രിക്കന്‍ അമേരിക്കന്‍ വിഭാഗത്തില്‍ നിന്നും ഈ പദവിയില്‍ എത്തുന്ന മൂന്നാമത്തെ ആഴുമാണ്. ന്യൂയോര്‍ക്ക് പോലീസ് ഡിപ്പാര്‍ട്ട്മെന്റില്‍ 35,000 യൂണിഫോം ധാരികളായ ഉദ്യോഗസ്ഥരും 18,000 സിവിലിയന്‍ എംപ്ളോയീസുമുണ്ട്. 2019 ല്‍ മേയറായിരുന്ന ബില്‍ ഡേ ബ്ളാസിയോ നിയോഗിച്ച ഡെര്‍മെറ്റ് ഷിയയുടെ പിന്‍ഗാമിയായിട്ടായിരുന്നു സെവല്‍ എത്തിയത്.






