ചെന്നൈ: തമിഴ്നാട് മുന്‍ മുഖ്യമന്ത്രിയും എഐഎഡിഎംകെ അധ്യക്ഷയുമായിരുന്ന ജെ.ജയലളിതയെ കുറിച്ച് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.അണ്ണാമലൈ നടത്തിയ പരാമര്‍ശം ബിജെപി-എഐഎഡിഎംകെ ബന്ധത്തില്‍ വിള്ളല്‍ വീഴ്ത്തുന്നു. അണ്ണാമലൈയ്ക്കെതിരെ പ്രമേയം പാസാക്കിയാണ് എഐഎഡിഎംകെ പ്രതിഷേധിച്ചത്.
ജയലളിത കണക്കില്‍പെടാത്ത സ്വത്ത് സമ്പാദിച്ച കേസില്‍ കുറ്റക്കാരിയാണെന്നായിരുന്നു അണ്ണാമലൈയുടെ പരാമര്‍ശം. എന്നാല്‍ ബിജെപി നേതാവിന്റെ പരാമര്‍ശം നിരുത്തരവാദപരവും അപക്വവും ലക്ഷ്യം വച്ചുള്ളതുമാണെന്നും പരാമര്‍ശം പിന്‍വലിക്കാന്‍ അണ്ണാമലൈ തയ്യാറായില്ലെങ്കില്‍ സഖ്യത്തില്‍ നിന്ന് പിന്മാറാന് മടിക്കില്ലെന്നും എഐഎഡിഎംകെ മുന്നറിയിപ്പ് നല്കി. അഭിമുഖത്തില്‍ ജയലളിതയെ കുറിച്ചുള്ള അണ്ണാമലൈയുടെ പരാമര്‍ശം എഐഎഡിഎംകെ പ്രവര്‍ത്തകരെ വേദനിപ്പിച്ചു. 1998ല്‍ ബി.ജെപിയെ ആദ്യമായി അധികാരത്തിലെത്തിക്കാന്‍ സഹായിച്ച നേതാവിനെ കുറിച്ചാണ് ഈ പരാമര്‍ശമെന്നും പ്രമേയത്തില്‍ പറയുന്നു.
ഇന്നു ചേര്‍ന്ന എഐഎഡിഎംകെ ജില്ലാ സെക്രട്ടറിമാരുടെ യോഗത്തിലാണ് പ്രമേയം കൊണ്ടുവന്നത്. സഖ്യത്തില്‍ നിന്ന് പിന്മാറുമെന്ന എഐഎഡിഎംകെയുടെ പരാമര്‍ശത്തെ ബിജെപി ഇന്നലെതന്നെ തള്ളിക്കളഞ്ഞിരുന്നു. കക്ഷി രാഷ്ട്രീയത്തില്‍ വല്യേട്ടനില്ലെന്നായിരുന്നു ബിജെപിയുടെ മറുപടി.






