
ബിപോര്‍ജോയ് ചുഴലിക്കാറ്റ് തീരം തൊടാനിരിക്കെ ഗുജറാത്തിലുണ്ടായ കനത്ത മഴയില്‍ മൂന്ന് മരണം. ഭുജില്‍ കനത്ത കാറ്റില്‍ മതില് ഇടിഞ്ഞു വീണ് രണ്ട് കുട്ടികളും രാജ്കോട്ടില്‍ ബൈക്കില്‍ മരം വീണ് ഒരു യുവതിയുമാണ് മരിച്ചത്. പതിനായിരത്തോളം പേരെ ഇത് വരെ മാറ്റി പാര്‍പ്പിച്ചതായാണ് റിപ്പോര്‍ട്ട്. ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡ് ബിപോര്‍ജോയ് ചുഴലിക്കാറ്റ് രൂക്ഷമായതിനെ തുടര്‍ന്ന് വിദേശ പൗരന്മാരെ ഗുജറാത്ത് തീരത്തെ കീ സിംഗപ്പൂര്‍ റിഗ്ഗില്‍ നിന്ന് ഒഴിപ്പിച്ചു. ബിപോര്‍ജോയ് ചുഴലിക്കാറ്റിനെ തുടര്‍ന്ന് കനത്ത ജാഗ്രതയിലാണ് ഗുജറാത്ത്. വ്യാഴാഴ്ച വൈകുന്നേരം ഗുജറാത്തിലെ ജാഖു പോര്‍ട്ടിനു സമീപം ചുഴലിക്കാറ്റ് കര തൊടുമെന്നാണ് അറിയിപ്പ്.
ബിപോര്‍ജോയ് അതിശക്തമായ ചുഴലിക്കാറ്റായി ശക്തി പ്രാപിച്ചുവെന്നും ഗുജറാത്ത് - പാകിസ്ഥാന് തീരത്തേക്ക് നീങ്ങുന്നുവെന്നും കാലാവസ്ഥ വിഭാഗം അറിയിച്ചിട്ടുണ്ട്. ജൂണ്‍ 14 രാവിലെ വരെ വടക്കുദിശയിയില്‍ സഞ്ചരിച്ച് തുടര്‍ന്ന് ദിശ മാറി സൗരാഷ്ട്ര ആന്‍ഡ് കച്ച് അതിനോട് ചേര്‍ന്നുള്ള പാകിസ്ഥാന് തീരത്ത്, ഗുജറാത്തിനും കറാച്ചിക്കും ഇടയില്‍ ജൂണ്‍ 15ന് പരമാവധി 150 കി.മീ വേഗതയില്‍ കരയില്‍ പ്രവേശിക്കാന്‍ സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുള്ളത്.
അതേസമയം കേന്ദ്രമന്ത്രി അമിത് ഷാ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണപ്രദേശങ്ങളിലെയും മന്ത്രിമാരുടെ യോഗം വിളിച്ച് ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി. പ്രകൃതി ദുരന്തങ്ങളുടെ തീവ്രതയും സ്വഭാവവും മാറിയെന്നും അതിനാല്‍ പ്രതിരോധം ശക്തമാക്കണമെന്നും അമിത് ഷാ നിര്‍ദ്ദേശിച്ചു.






