
പാരീസ്: ഫുട്ബോള്‍ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച താരങ്ങളില്‍ ഒരാളാണ് ലിയോണേല്‍ മെസ്സിയെന്നും ഫ്രഞ്ച് ക്ലബ്ബ് പിഎസ്ജി ആരാധകര്‍ വേണ്ടത്ര ബഹുമാനം നല്‍കിയില്ലെന്നും ഫ്രഞ്ച് സൂപ്പര്‍താരം കിലിയന്‍ എംബാപ്പേ. പിഎസ്ജിയുമായുള്ള കരാര്‍ ജൂണില്‍ അവസാനിക്കുന്നതോടെ താരം അമേരിക്കന്‍ മേജര്‍ സോക്കര്‍ ലീഗിലേക്ക് ചേക്കേറും.
''ഫുട്ബോള്‍ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച താരങ്ങളില്‍ ഒരാളാണ് മെസ്സി. അദ്ദേഹം പോകുന്നു എന്നത് ഒരു ടീമിനും അത്ര നല്ല വാര്‍ത്തയല്ല. അദ്ദേഹം പോയതില്‍ ഇത്രയധികം ആളുകള്‍ക്ക് ആശ്വാസം തോന്നിയത് എന്തുകൊണ്ടാണെന്ന് എനിക്ക് മനസ്സിലാകുന്നില്ല. ഫ്രാന്‍സില്‍ അദ്ദേഹത്തിന് അര്‍ഹമായ ബഹുമാനം ലഭിച്ചില്ല.''
പിഎസ്ജിയില്‍ രണ്ടു സീസണ് കളിച്ചിട്ടും മെസ്സിയ്ക്ക് ഫ്രഞ്ച്ടീമിന് ഒരു യുവേഫാ ചാംപ്യന്‍സ് ലീഗ് കിരീടം നേടിക്കൊടുക്കാന്‍ കഴിഞ്ഞിരുന്നില്ല. രണ്ടു സീസണിലും ടീമിന് 16 ല്‍ വീഴാനായിരുന്നു വിധി. അതേസമയം ഖത്തറില്‍ ഫ്രാന്‍സിനെ തോല്‍പ്പിച്ച് മെസ്സി അര്‍ജന്റീനയെ കിരീടം അണിയിക്കുകയും ചെയ്തിരുന്നു. ഇതോടെയാണ് പിഎസ്ജി ആരാധകര്‍ മെസ്സിയ്ക്ക് നേരെ തിരിഞ്ഞത്. താരത്തെ പല മത്സരത്തിലും പിഎസ്ജി ആരാധകര്‍ കൂകിയാണ് തിരിച്ചയച്ചിരുന്നത്.
അതേസമയം അടുത്ത സീസണില്‍ റയല്‍മാഡ്രിഡിലേക്ക് പോകുമെന്ന അഭ്യൂഹം എംബാപ്പേ തള്ളി. എങ്ങോട്ടും പോകുന്നില്ലെന്നും പിഎസ്ജിയുമായുള്ള കരാര്‍ താരം നീട്ടുകയും ചെയ്തു. 2024 ല്‍ തന്റെ കരാര്‍ പൂര്‍ത്തിയായി ഫ്രീ ഏജന്റ് ആയതിന് ശേഷം മാത്രമേ ക്ലബ്ബ് വിടുന്നതിനെ കുറിച്ച് ചിന്തിക്കൂ എന്നും താരം പറഞ്ഞു. 2017 മുതല്‍ എംബാപ്പേ ഫ്രഞ്ച് ചാംപ്യന്മാര്ക്കൊപ്പം ഉണ്ട്.
മൊണാക്കോയില്‍ നിന്നും വായ്പാ അടിസ്ഥാനത്തില്‍ എത്തിയ താരത്തെ മൊണാക്കോയുടെ കരാര്‍ പൂര്‍ത്തിയായതോടെ പിഎസ്ജി ഒപ്പം എത്തിക്കുകയായിരുന്നു. അതേസമയം സ്പാനിഷ് വമ്പന്മാരായ റയലും ഇംഗ്ളീഷ് പ്രീമിയര്‍ ലീഗ് വമ്പന്മാരായ മാഞ്ചസ്റ്റര്‍ യുണൈറ്റഡും താരത്തിനായി രംഗത്ത് ഉണ്ടായിരുന്നു.






