
മലപ്പുറം വെന്നിയൂരില്‍ ഓടിക്കൊണ്ടിരിക്കുന്ന സ്വകാര്യ ബസില്‍ നിന്ന് വിദ്യാര്‍ത്ഥികള്‍ തെറിച്ചുവീണ സംഭവത്തില്‍ നടപടിയെടുത്ത് മോട്ടോര്‍ വാഹന വകുപ്പ്. ഇന്നലെ വൈകിട്ടാണ് ബസ്സില്‍ നിന്ന് വീണ് നാല് വിദ്യാര്‍ത്ഥിനികള്‍ക്ക് പരുക്കേറ്റത്. തിരൂരങ്ങാടി ജോയിന്റ് ആര്‍ടിഒ ബസിന്റെ ഫിറ്റ്നസ് റദ്ദ് ചെയ്തു. പരിശോധനയില്‍ ബസ്സിന്റെ ഡോറിന് ഉള്‍പ്പെടെ അപാകത കണ്ടെത്തിയതിനെ തുടര്‍ന്നാണ് റദ്ദാക്കിയത്.
കോട്ടക്കലില്‍ നിന്ന് പരപ്പനങ്ങാടിയിലേക്ക് പോകുകയായിരുന്ന എന്‍കെബി ബസ്സില്‍ നിന്നാണ് വാളംകുളം കെഎം എച്ച്എസ്സ്എസ്സ് സ്കൂളിലെ വിദ്യാര്‍ത്ഥികള്‍ തെറിച്ച് വീണത്. വിദ്യാര്‍ത്ഥികള്‍ പോക്കിപ്പറമ്പില് നിന്നാണ് ബസ്സില്‍ കയറിയത്. യാത്രയ്ക്കിടെ വെന്നിയൂരിന് സമീപമെത്തിയപ്പോള്‍ മുന്‍ വശത്തെ വാതിലിലൂടെ കുട്ടികള്‍ പുറത്തേക്ക് തെറിച്ച് വീഴുകയായിരുന്നു. വെന്നിയൂര്‍ കാപ്രാട് സ്വദേശി ചക്കംപറമ്പില്‍ മുഹമ്മദ് ഷാഫിയുടെ മകള്‍ ഫാത്തിമ ഹിബ (14), വെന്നിയൂര്‍ മാട്ടില്‍ സ്വദേശി കളത്തിങ്ങല്‍ ഹബീബിന്റെ മകള്‍ ഫിഫ്ന (14), കാച്ചടി സ്വദേശി കല്ലുങ്ങല്‍ തൊടി അഷ്റഫിന്റെ മകള്‍ ഫാത്തിമ ജുമാന (13), കരുബില്‍ സ്വദേശി കാളങ്ങാട്ട് ബബീഷിന്റെ മകള്‍ അനന്യ (14) എന്നിവര്‍ക്കാണ് പരിക്കേറ്റത്.പരുക്കേറ്റ കുട്ടികള്‍ കോട്ടക്കലിലെ ആശുപത്രിയില്‍ ചികിത്സയിലാണ്. ബസിന്റെ അമിത വേഗതയാണ് അപകട കാരണമെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. ബസ് തിരൂരങ്ങാടി പൊലീസ് കസ്റ്റഡിയിലെടുത്തതിനു പിന്നാലെയാണ് മോട്ടോര്‍ വാഹന വകുപ്പിന്റെ നടപടി.
എളുപ്പത്തില്‍ തുറക്കാവുന്ന തരത്തിലുള്ള ഒരു ലിവന് മെക്കാനിസമാണ് ബസില്‍ ഉപയോഗിച്ചിരുന്നത്. ഇതിനു പുറമെ ബസ് പരിശോധിച്ചതില്‍ മറ്റ് അപാകതകളും കണ്ടെത്തിയതിനെ തുടര്‍ന്ന് ബസിന്റെ ഫിറ്റ്നസ് റദ്ദാക്കുകയും, ബസ് ഓടിച്ച ഡ്രൈവറുടെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്യുന്ന നടപടിയിലേക്കും മോട്ടോര്‍ വാഹന വകുപ്പ് നീങ്ങും.






