
പശ്ചിമ ബംഗാളില്‍ പ്രാദേശിക തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്ത്തകന് സംഘര്‍ഷത്തിനിടെ കൊല്ലപ്പെട്ടു. മാള്‍ഡ ജില്ലയിലെ സുജാപൂരിലുണ്ടായ സംഘര്‍ഷത്തില്‍ മുസ്തഫ ഷെയ്ഖ് എന്നയാളാണ് കൊല്ലപ്പെട്ടത്. മുന്‍ പഞ്ചായത്ത് പ്രധാന് ആണ് കൊല്ലപ്പെട്ട മുസ്തഫ. കൊലപാതകത്തിന് പിന്നില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരാണെന്നാണ് ബന്ധുക്കള്‍ ആരോപിക്കുന്നു. സംഘര്‍ഷത്തിനിടെ കേന്ദ്രമന്ത്രി നിഷിത് പ്രമാണികിനും മര്‍ദ്ദനമേറ്റതായി റിപ്പോര്‍ട്ടുണ്ട്.
തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൊലപാതകത്തില്‍ പ്രതിഷേധിച്ച് മുസ്തഫ ഷെയ്ഖിന്റെ മൃതദേഹവുമായി ദേശീയപാത ഉപരോധിച്ചു. കൊലപാതകം നടന്ന സ്ഥലം കാബിനറ്റ് മന്ത്രി സബീന യെസ്മിന്‍ സന്ദര്‍ശിച്ചു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ പഞ്ചായത്ത് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സംഘര്‍ഷം വ്യാപിക്കുകയാണ്.
സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന് മുസ്തഫയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് ജില്ലാ പൊലീസ് സൂപ്രണ്ടില്‍ നിന്നും ജില്ലാ മജിസ്ട്രേറ്റില്‍ നിന്നും വിശദമായ റിപ്പോര്‍ട്ട് തേടി. ബംഗാളില്‍ തദ്ദേശ തെരഞ്ഞെടുപ്പിനുള്ള നാമനിര്‍ദ്ദേശ പത്രികകളുടെ സൂക്ഷ്മ പരിശോധനയ്ക്കിടെയാണ് സംഘര്‍ഷമുണ്ടായത്. സംഘര്‍ഷം ഉണ്ടായ പ്രദേശങ്ങളില്‍ ഗവര്‍ണര്‍ സി വി ആനന്ദ ബോസ് സന്ദര്‍ശനം നടത്തി. ഗവര്‍ണര്‍ അക്രമികള്‍ക്കെതിരെ ശക്തമായ നടപടിയെടുക്കുമെന്ന് പറഞ്ഞു.
അതിനിടെ കേന്ദ്രമന്ത്രി നിഷിത് പ്രമാണിക് ബ്ലോക്ക് വികസന ഓഫീസറുടെ ഓഫീസിനു പുറത്തുണ്ടായ ഏറ്റുമുട്ടലില്‍ ആക്രമിക്കപ്പെട്ടതായാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന ദിവസം ഉണ്ടായ സംഘര്‍ഷത്തില്‍, രണ്ടു തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരും, ഒരു സിപിഐഎം പ്രവര്‍ത്തകനും അടക്കം നാലുപേര്‍ കൊല്ലപ്പെട്ടിരുന്നു.






